കുറുപ്പന്തറയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമായി
1580015
Wednesday, July 30, 2025 7:28 AM IST
കുറുപ്പന്തറ: കുറുപ്പന്തറയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമായി. മാഞ്ഞൂര്‍ പഞ്ചായത്തും കാണക്കാരി, കടുത്തുരുത്തി പഞ്ചായത്തുകളുടെ കുറച്ചു പ്രദേശവും ഉള്‍പ്പെടുന്നതാണ് സെക്ഷന്‍ ഓഫീസിന്റെ പരിധി. കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോപ്ലക്സിലാണ് സെക്ഷന്‍ ഓഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള അനുമതി കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നല്‍കിക്കഴിഞ്ഞു.
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.കെ. ശ്യാം ഇതുസംബന്ധിച്ചു പറയുന്നതിങ്ങനെ: നിലവിലുള്ള കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. ഷോപ്പിംഗ് കോപ്ലക്സിന്റെ ഒന്നാം നിലയിലാണ് കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുകളിലിട്ടിരിക്കുന്ന ഷീറ്റ് ചോര്‍ന്നൊലിച്ചു കെട്ടിടത്തിന്റെ സീലിംഗിലൂടെ വെള്ളം താഴേക്ക് ഒലിച്ചിറങ്ങുകയാണ്. മഴയുള്ള സമയങ്ങളില്‍ മുറികളിലെല്ലാം വെള്ളം തളംകെട്ടി നില്ക്കുന്നു. ഈ സമയങ്ങളില്‍ ജോലി ചെയ്യാന്‍ പ്രയാസമാണ്. ഷീറ്റിനിടെയിലൂടെ വരുന്ന വെള്ളം സീലിംഗിനൊപ്പം ഭിത്തികളിലേക്കും ഒലിച്ചിറങ്ങുന്നു.
ഭിത്തികളും സ്വിച്ച് ബോര്‍ഡുകളിലും വെള്ളം നനഞ്ഞ് ജീവനക്കാര്‍ക്ക് ഷോക്കേല്ക്കുന്നതും പതിവാണ്. ഇത് അപകടം വിളിച്ചുവരുത്താന്‍ കാരണമാകും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ് നിലവില്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്ക്കും ബസിലടക്കം വന്നുപോകാവുന്ന സ്ഥലമാണിത്. ഓഫീസ് ഇവിടെനിന്ന് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രദേശവാസിയായ സിജു ജോസഫ് പറഞ്ഞു.