ലഹരികള്ക്കെതിരേ ജാഗ്രത വേണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1579778
Tuesday, July 29, 2025 10:35 PM IST
രാമപുരം: മാരക ലഹരികള്‍ പൊതുസമൂഹത്തില്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുകയാണെന്നും പൊതുസമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും പ്രവര്‍ത്തിക്കണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ലഹരി ഉപയോഗം അപമാനമാണെന്ന തോന്നല്‍ സമൂഹത്തില്‍ വളരണമെന്ന് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന സീറോമലബാര്‍ സഭ കൂരിയ ബിഷപ്പും കെസിബിസി ടെമ്പറന്‍സ് കമ്മീഷന് വൈസ് ചെയര്‍മാനുമായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ ആഗസ്തിനോസ് കോളജ് ടീമംഗങ്ങള്‍ ഫ്ളാഷ് മോബും സെന്റ് അഗസ്റ്റ്യന്‍സ് എച്ച്എസ്എസ് ടീം ലഹരിവിരുദ്ധ നൃത്തശില്പവും അവതരിപ്പിച്ചു. എന്‍എസ്എസ് ടീമംഗങ്ങള്‍ ദീപശിഖയേന്തി.
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്. അക്ഷയ്, രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, മാര്‍ ആഗസ്തിനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ സാബു തോമസ്, ജാനറ്റ് കുര്യന്, സാബു ഏബ്രഹാം, ഫാ. ജോസഫ് ആലഞ്ചേരി, ജോസ് കവിയില്‍, സിനി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, ബസ് സ്റ്റാൻഡുകള്‍, ടാക്സി സ്റ്റാൻഡുകള്‍ എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ പരിപാടികള്‍ കഴിഞ്ഞ ഒരു മാസക്കാലം നടന്നിരുന്നു.