കുന്നുംഭാഗത്ത് വീണ്ടും വ്യാപക മോഷണശ്രമം
1579536
Tuesday, July 29, 2025 12:21 AM IST
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് വീണ്ടും വ്യാപക മോഷണശ്രമം. രണ്ടു ദിവസങ്ങളിലായി ഒന്പത് വീടുകളിലാണ് മോഷണശ്രമങ്ങൾ നടന്നത്. ശനിയാഴ്ച പുലർച്ചെയും ഇന്നലെ പുലർച്ചെയുമായിട്ടാണ് വിവിധ വീടുകളിലായി മോഷ്ടാക്കൾ എത്തിയത്. വരിക്കമാംതൊട്ടിയിൽ സജി, കല്ലുവേലിൽ ഷാജി, മഞ്ഞാക്കൽ ബാബു, മണ്ണുക്കുന്നേൽ റോജി എന്നിവരുടെ വീടുകളിൽ ശനിയാഴ്ച പുലർച്ചെയും കൊച്ചൊട്ടൊന്നിൽ ജോണി, എലിവാലിക്കരയിൽ ഉദയകുമാർ, തേക്കനാംപൊയ്കയിൽ ജോഷി, പാറയിൽ രാജൻ, മൂലയിൽ തോമാച്ചൻ എന്നിവരുടെ വീടുകളിൽ ഇന്നലെ പുലർച്ചെയുമാണ് മോഷണശ്രമം നടന്നത്.
സജിയുടെ വീട്ടിൽനിന്ന് കുടയും ഷാജിയുടെ വീട്ടിൽനിന്ന് ചെരുപ്പും റോജിയുടെ വീട്ടിൽനിന്ന് ഷർട്ടും പാന്റ്സും ജോഷിയുടെ വീട്ടിൽനിന്ന് വാക്കത്തിയുമാണ് മോഷണം പോയിരിക്കുന്നത്. എലിവാലിക്കരയിൽ ഉദയകുമാറിന്റെ വീട്ടിൽ കയറി ചോറ് കഴിച്ച മോഷ്ടാവ് പാത്രങ്ങൾ കിണറ്റിലിട്ടു. മോഷ്ടാവ് വീടുകളിൽ കയറുന്നതിന്റെയും തിരികെ ഇറങ്ങിവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
കുന്നുംഭാഗം മറ്റത്തിൽപടി റോഡിലും കുന്നുംഭാഗം പൈനുങ്കൽപടി റോഡിലുമാണ് മോഷ്ടാക്കൾ വിലസുന്നത്. ഈ ഭാഗങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ പിടികൂടാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വർഷങ്ങൾക്കുശേഷം വീണ്ടും മേഖലയിൽ മോഷണശ്രമം ഉണ്ടായിരിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
മോഷ്ടാക്കളെ പിടികൂടാനായി പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗിനായി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും വാർഡ് മെംബർ ആന്റണി മാർട്ടിൻ പറഞ്ഞു.