റെയിൽവേ സ്റ്റേഷൻ റോഡിൽ അപകടം പതിയിരിക്കുന്ന കുഴികൾ
1579172
Sunday, July 27, 2025 6:31 AM IST
ഏറ്റുമാനൂർ: മനയ്ക്കപ്പാടത്തുനിന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ നിറയെ ചെറുതും വലുതുമായ കുഴികളാണ്. ഈ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസിലാക്കാനുമാകില്ല.
ഇതുവഴി പോകുന്ന വാഹനങ്ങൾ ആഴം മനസിലാക്കാതെ കുഴികളിൽച്ചാടി അപകടങ്ങൾ സംഭവിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടി മറിയുന്നത് പതിവാണ്. വാഹനത്തിന് കേടുപാടുകളും യാത്രക്കാർക്ക് പരിക്കും സംഭവിക്കുന്നു. ഓട്ടോറിക്ഷകളും അപകട ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായി 4.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ റെയിൽവേ സ്റ്റേഷനിൽ നടന്നുവരികയാണ്. ഈ റോഡിന്റെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. എന്നാൽ, പദ്ധതി പൂർത്തിയാക്കുന്നതിൽ സംഭവിക്കുന്ന കാലവിളംബമാണ് പ്രശ്നമാകുന്നത്.
റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.