ഓണത്തിന് കൈ പൊള്ളും; കിറ്റ് മഞ്ഞക്കാര്‍ഡിനു മാത്രം
1579086
Sunday, July 27, 2025 5:09 AM IST
കോട്ടയം: വെളിച്ചെണ്ണ, നാളികേരം ഉള്‍പ്പെടെ അടുക്കളസാധനങ്ങളുടെ വില കുത്തനെ കയറുമ്പോഴും ഓണത്തിന് സര്‍ക്കാരിന്റെ കരുതല്‍ പ്രതീക്ഷിക്കേണ്ട. ഓണത്തിന് അന്ത്യോദയ അന്നയോജന വിഭാഗത്തിലെ മഞ്ഞ ക്കാര്ഡുകാരായ ആറ് ലക്ഷം പേര്‍ക്കു മാത്രം 15 ഇനങ്ങളോടെ ഓണക്കിറ്റ് റേഷന്‍ കടകളിലൂടെ ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് എന്ന കണക്കില്‍ സൗജന്യമായി കിട്ടും. എന്നാല്‍, ഇടത്തരക്കാരായ ഇരുപതു ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് യാതൊരു ആശ്വാസവുമില്ല.
അര ലിറ്റര്‍ വെളിച്ചെണ്ണ, അരക്കിലോ പഞ്ചസാര, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിലുണ്ടാവുക.
നീല ക്കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ളക്കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ ലഭിക്കും എന്നതു മാത്രമാണ് ആനുകൂലം. കൂടാതെ 94 ലക്ഷം കാര്‍ഡുടമകള്‍ക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കില്‍ കിട്ടും. ഈ ഇനം അരി നിലവില്‍ 29 രൂപയ്ക്കാണ് നല്‍കുന്നത്. 94 ലക്ഷം കാര്‍ഡുകാരാണ് ഈ വിഭാഗത്തില്‍ പെടുക. ജില്ലാ തലത്തില്‍ ഓണം ഫെയറുകള്‍ നടത്തുമെങ്കിലും കാര്യമായ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല.