കോട്ടയം അതിരൂപതയ്ക്ക് ആഹ്ലാദദിനം
1579165
Sunday, July 27, 2025 6:31 AM IST
കോട്ടയം: മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അന്‍പതാം ചരമവാര്‍ഷികാചരണവും പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. തിരുക്കര്‍മങ്ങള്‍ക്കുശേഷം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ തയാറാക്കിയ “വിശുദ്ധിയിലേക്കുള്ള വീഥി’’ എന്ന ഗ്രന്ഥം മാര്‍ മാത്യു മൂലക്കാട്ട് മാര്‍ ജോസഫ് പണ്ടാരശേരിലിനു നല്കി പ്രകാശനം ചെയ്തു.
സിസ്റ്റര്‍ ആലീസ് വട്ടംതൊട്ടിയില് തയാറാക്കിയ “സ്നേഹതീര്‍ഥം’’ രണ്ടാം ഭാഗം മാര്‍ മാത്യു മൂലക്കാട്ട് ഫാ. ജോസ് തറയിലിനു നല്‍കിയും സിസ്റ്റര്‍ മേഴ്സിലറ്റ് എസ്വിഎം തയാറാക്കിയ “പുണ്യചരിതനായ ധന്യന്‍ മാര്‍ മാത്യു മാക്കില്‍’’ വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ഇമാക്കുലേറ്റിനും നല്‍കിയും പ്രകാശനം ചെയ്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ മാര്‍ തോമസ് തറയിലിനെക്കുറിച്ചുള്ള ഗാനം ആലപിച്ചു. തുടർന്ന് ധന്യന്‍ മാര്‍ മാത്യു മാക്കീലിനെയും മാര്‍ തോമസ് തറയിലിനെയും കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
ചരിത്രമൂഹൂര്‍ത്തം: ഗീവര്‍ഗീസ് മാര്‍ അപ്രേം
കോട്ടയം അതിരൂപതയ്ക്കിത് ചരിത്രമൂഹൂര്ത്തവും ആഹ്ലാദ ദിനവുമാണ്. മേല്പ്പട്ട ശുശ്രൂഷയില്‍ അതിരൂപതയെ നയിച്ച രണ്ടു പിതാക്കന്മാരെ അഭിമാനപൂര്‍വം അനുസ്മരിക്കുന്നു. സഭ ധന്യന്‍ പദവി നല്കിയ മാര്‍ മാത്യു മാക്കീൽ സ്വര്‍ഗീയ മധ്യസ്ഥനായി കൂടെയുണ്ടെന്നത് സന്തോഷകരമാണ്.
ദൈവിക പദ്ധതി: ഫാ. ഏബ്രാഹം പറമ്പേട്ട്
മാര്‍ മാത്യു മാക്കീല്‍ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ഗണത്തിലേക്കു ചേര്‍ക്കപ്പെടാന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിക്കണമെന്ന് പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രാഹം പറമ്പേട്ട്. തെക്കുംഭാഗക്കാര്‍ക്കായി കോട്ടയം വികാരിയത്ത് സ്ഥാപിക്കുന്നതിന് ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുകയും സഹനങ്ങളിലുടെ കടന്നുപോകുകയും ചെയ്ത വ്യക്തിയാണ് മാര്‍ മാത്യു മാക്കീല്‍. അതിരൂപതയുടെ ഭൗതിക വളര്‍ച്ചയ്ക്കുവേണ്ടി അത്യധ്വാനം ചെയ്ത പിതാവാണ് മാര്‍ തോമസ് തറയില്‍.
കുടുംബങ്ങളെ നവീകരിച്ച പിതാവ്: സിസ്റ്റര്‍ ഇമാക്കുലേറ്റ് എസ്വിഎം
സമൂഹത്തിലെ തിന്മകള്‍ക്കെതിരെയും സാമൂഹിക, കുടുംബ ശക്തീകരണത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച പിതാവായിരുന്നു മാര്‍ മാത്യു മാക്കീലെന്ന് വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമാക്കുലേറ്റ് എസ്വിഎം. പിതാവിന്റെ ഇടയലേഖനങ്ങള്‍ ഇന്നും പ്രസക്തമാണ്.
അവിസ്മരണീയ ദിനം: സിസ്റ്റര്‍ ലിസി മുടക്കോടില്‍
അതിരൂപത ചരിത്രത്തിലെ അവിസ്മരണീയ വേളയാണിതെന്ന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍. ദൈവാശ്രയം കൈമുതലായി സഭയ്ക്കും സമുദായത്തിനും ശുശ്രൂഷ ചെയ്ത ഭാഗ്യസ്മരണാര്ഹരാണ് മാര്‍ മാത്യു മാക്കീലും മാര്‍ തോമസ് തറയിലും.
വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു: ബാബു പറമ്പടത്തുമലയില്‍
ക്രിസ്തുസഹനത്തിന്റെ സാരാംശം പൂര്‍ണമായി ഉള്‍ക്കൊണ്ടു തന്റെ ജീവിതം കൊണ്ടു ദൈവം ഉദ്ദേശിച്ചതു ലക്ഷ്യമാക്കി ജീവിച്ചയാളാണ് മാര്‍ മാത്യു മാക്കീലെന്ന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച ക്രാന്തദര്‍ശിയായിരുന്നു മാര്‍ തോമസ് തറയില്‍.