ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ കോഴായും കുറുപ്പന്തറയും പുതിയ ഡിവിഷനുകൾ
1579510
Monday, July 28, 2025 7:38 AM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ പുനഃക്രമീകരിച്ചതോടെ രണ്ട് പുതിയ ഡിവിഷനുകൾ പിറന്നു. കോഴാ, കുറുപ്പന്തറ ഡിവിഷനുകളാണ് ബ്ലോക്ക് പരിധിയിലെ പുതിയ ഡിവിഷനുകൾ. പുനഃക്രമീകരണത്തിലൂടെ 14 ഡിവിഷനുകളാണ് ബ്ലോക്ക് പരിധിയിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കോഴായിലാണെങ്കിലും ഇതാദ്യമായാണ് ബ്ലോക്ക് ആസ്ഥാനത്തിന്റെ പേരിൽ ഒരു ഡിവിഷൻ രൂപീകരിക്കുന്നത്.
പുതിയ കോഴാ ഡിവിഷൻ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഉഴവൂർ പഞ്ചായത്തുകൾ ചേർത്താണ് രൂപീകരിച്ചിട്ടുള്ളത്. സയൻസ് സിറ്റി, കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന സീഡ്ഫാം, മിനി സിവിൽ സ്റ്റേഷൻ എന്നിവയും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനൊപ്പം കോഴാ ഡിവിഷൻ പരിധിയിലാണ്.
പുതിയ കുറുപ്പന്തറ ഡിവിഷനിൽ മാഞ്ഞൂർ പഞ്ചായത്തിലെ ആദ്യത്തെ ആറ് വാർഡുകളാണ് ഉൾക്കൊള്ളുന്നത്. മാഞ്ഞൂർ പഞ്ചായത്ത് പ്രദേശത്ത് നിലവിലുണ്ടായിരുന്ന കുറമുള്ളൂർ ഡിവിഷൻ പുനഃക്രമീകരണത്തിലുടെ ഇല്ലാതായി. ബ്ലോക്ക് പഞ്ചായത്ത് വെളിയന്നൂർ ഡിവിഷൻ വെളിയന്നൂർ പഞ്ചായത്ത് ഒന്നാകെയാണെന്നതും ശ്രദ്ധേയമാണ്. പുനഃക്രമീകരണത്തിൽ വെളിയന്നൂരിലെ ഒരു വാർഡും മറ്റ് ഡിവിഷനുകളിലേക്ക് പോയിട്ടില്ല.