മുണ്ടക്കയം ടൗണിന് സമീപം വാനരപ്പട; ദുരിതത്തിലായി നാട്ടുകാർ
1579280
Sunday, July 27, 2025 11:24 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം കൂട്ടമായി എത്തിയിരിക്കുന്ന വാനരപ്പട പ്രദേശവാസികൾക്ക് ശല്യമായി മാറുന്നു. മുണ്ടക്കയം ചെളികുഴിയിൽ പായിക്കാട്ട് റിനോഷിന്റെ പുരയിടത്തിലാണ് ഏഴിലധികം വരുന്ന കുരങ്ങന്മാർ തമ്പടിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഈ ഭാഗത്ത് കുരങ്ങന്മാരുടെ സാന്നിധ്യം ആദ്യം പ്രദേശവാസികൾ തിരിച്ചറിയുന്നത്. പിന്നീട് ഓരോ ദിവസം ചെല്ലുന്തോറും വാനരന്മാരുടെ എണ്ണം വർധിച്ചുവരികയായിരുന്നു.
ജനനിബിഡമായ ഈ മേഖലയിൽ കുരങ്ങന്മാരെത്തിയത് പ്രദേശവാസികൾക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മേഖലയിലെ ആളുകളുടെ തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ, ജാതിക്ക അടക്കമുള്ള ഫലങ്ങൾ വ്യാപകമായാണ് കുരങ്ങന്മാർ നശിപ്പിക്കുന്നത്. പൊള്ളുന്ന വിലയുള്ള തേങ്ങ കുരങ്ങന്മാർ കാർന്നുതിന്നുന്നത് നാട്ടുകാർക്കു നോക്കിനിൽക്കുവാൻ മാത്രമേ കഴിയുന്നുള്ളൂ.
ഇതുകൂടാതെ കർഷകരുടെ വീട്ടുവളപ്പിൽ നട്ടുവളർത്തുന്ന പയർ, വെണ്ട അടക്കമുള്ള പച്ചക്കറികളും വാനരപ്പട നശിപ്പിക്കുകയാണ്. വീടിനോടുചേർന്ന് ഉണങ്ങാനിടുന്ന തുണികളും വീട്ടിലെ പാത്രങ്ങളുമടക്കം കുരങ്ങന്മാർ കവർന്നെടുത്ത് മറ്റു സ്ഥലങ്ങളിൽ കൊണ്ടിടുന്നതും പതിവായി മാറിയിരിക്കുകയാണ്. കുരങ്ങന്മാരുടെ ആക്രമണം ഭയന്ന് കൊച്ചുകുട്ടികളെ വീടിനു പുറത്തിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
കുരങ്ങന്മാരെത്തിയതിൽ ദുരൂഹത
വനമേഖലയിൽനിന്ന് ഏറെ വിദൂരത്തുള്ള മുണ്ടക്കയം ടൗണിനോട് ചേർന്ന് വ്യാപകമായി കുരങ്ങന്മാരെത്തിയതിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. രണ്ടു വർഷംമുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശബരിമല വനത്തിൽനിന്നു കാട്ടുപന്നികളെ പിടികൂടി ചെന്നാപ്പാറ മേഖലയിൽ വാഹനത്തിൽ ഇറക്കിവിട്ടത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ വർഷം തെക്കേമല, പാലൂർക്കാവ് ഭാഗങ്ങളിൽ വാഹനത്തിൽ കുരങ്ങന്മാരെ ഇറക്കിവിടുന്നത് കണ്ടതായി പ്രദേശവാസികൾ ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ വനത്തിൽനിന്ന് ഏറെ ദൂരമുള്ള മുണ്ടക്കയം ടൗണിൽ കുരങ്ങന്മാർ കൂട്ടമായി എത്തിയതിൽ ചില സംശയങ്ങളും നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്.
രൂക്ഷമാകുന്ന
വന്യമൃഗശല്യം
മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമായി മാറുകയാണ്. കർഷകരുടെ കൃഷികൾ വ്യാപകമായിയാണ് കാട്ടുപന്നിക്കൂട്ടം തകർക്കുന്നത്. 31-ാം മൈൽ, പൈങ്ങന, വരിക്കാനി, നൂറേക്കർ, പുഞ്ചവയൽ തുടങ്ങിയ മേഖലയിലെല്ലാം കാട്ടുപന്നിശല്യം രൂക്ഷമാണ്. നാളുകൾക്ക് മുമ്പ് വെട്ടുകല്ലാംകുഴിയിലും പശ്ചിമയ്ക്കു സമീപവും പുലി ഇറങ്ങിയതായി പ്രചാരണമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം മുണ്ടക്കയം-കോരുത്തോട് റോഡിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപോത്ത് വാഹനമിടിച്ചു ചത്തിരുന്നു. വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനോടൊപ്പം മേഖലയിലിറങ്ങി നാട്ടുകാർക്കു ദുരിതമായി മാറിയിരിക്കുന്ന വാനരപ്പടയെ പിടികൂടി ഉൾവനത്തിൽ വിടുവാൻ വനംവകുപ്പ് അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.