അണ്ടര്‍-20 ഏഷ്യന്‍ ഗുസ്തിയില്‍ സ്വര്‍ണം കൊയ്തെടുത്ത് മേവടയില്‍ നിന്നൊരാചാര്യന്
1579267
Sunday, July 27, 2025 10:26 PM IST
പാലാ: കിര്‍ഗിസ്ഥാനിലെ ബിഷ്കേക്കില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റെസലിംഗില് ഏഴ് സ്വര്‍ണവും ഒരു വെങ്കലവുമായി ഇന്ത്യ കിരീടം നേടിയത് പാലാ മേവട സ്വദേശി ബിജു കുഴുമുള്ളിലിന്റെ നേതൃത്വത്തില്‍. ഇതു നാലാം തവണയാണ് ബിജു ഇന്ത്യയ്ക്കായി പരിശീലകവേഷം അണിയുന്നത്.
2016ല്‍ ചൈനയില്‍ നടന്ന മത്സത്തിലും 2018ൽ ഡല്‍ഹിയില്‍ നടന്ന മത്സരത്തിലും 2024ല്‍ തായ്ലന്ഡില് നടന്ന മത്സരത്തിലും വിവിധ ഇന്ത്യന്‍ ടീമുകളുടെ പരിശീലകനായി ബിജു കുഴിമുള്ളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2024ൽ തായ്ലന്ഡില് നടന്ന അണ്ടര്‍-17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ബിജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു.
പാലാ സെന്റ് തോമസ് കോളജിലെ പഠനകാലത്ത് ഗുസ്തിയില്‍ സംസ്ഥാന-സൗത്ത് ഇന്ത്യ ചാമ്പ്യനും കേരള കേസരിയുമായിരുന്ന ബിജു പിന്നീട് എന്‍ഐഎസ് കോച്ചിംഗ് ഡിപ്ലോമ നേടി ഗുസ്തി പരിശീലന രംഗത്തേക്ക് കടക്കുകയായിരുന്നു. മാന്നാനം കെഇ കോളജിനെ എംജി യൂണിവേഴ്സിറ്റി ഗുസ്തി ചാമ്പ്യന്മാരാക്കി 1987ല്‍ തുടങ്ങിയതാണ് പരിശീലന ജീവിതം. തന്റെ മാതൃ കലാലയമായ പാലാ സെന്റ് തോമസ് കോളജ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളെ വിജയപീഠത്തില്‍ എത്തിച്ചിട്ടുണ്ട്.
ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച നൂറുകണക്കിന് ശിഷ്യന്മാര് ബിജുവിന്റെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ശിഷ്യന്മാര് ചേര്‍ന്ന് രൂപീകരിച്ച ബിജൂസ് അക്കാദമി എന്ന ഗുസ്തി പരിശീലന സ്ഥാപനത്തിന്റെ മുഖ്യ പരിശീലകനായി ഇപ്പോള്‍ സേവനമനുഷ്ഠിച്ചുവരുന്നു. കേരളത്തില്‍ മതിയായ പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരുപിടി ഒളിമ്പ്യന്മാരെ മലയാളത്തിന് സമ്മാനിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഇദ്ദേഹം. ഭാര്യ ദീപ അധ്യാപികയാണ്. മക്കള്‍: ഗൗതം, ഗോവിന്ദ്.