ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധ ശല്യം
1579078
Sunday, July 27, 2025 5:09 AM IST
കാഞ്ഞിരപ്പള്ളി: കുരിശുങ്കല്‍ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചതായി പരാതി. പലരും ഇവിടെ കിടന്നാണ് ഉറങ്ങുന്നത്. മലമൂത്ര വിസര്‍ജനം വരെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് നടത്തുന്നത്. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടെന്നാണ് പരാതി.
കോട്ടയം ഭാഗത്തേക്കു പോകുന്നതിനായി യാത്രക്കാര്‍ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാര്‍ക്ക് കയറി നില്ക്കാന്പോലും കഴിയാത്ത സാഹചര്യമാണുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇവിടേക്ക് അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് വിസര്ജ്യങ്ങള്മൂലം അസഹനീയ ദുര്‍ഗന്ധവും വമിക്കുകയാണ്. സാമൂഹിക വിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.