എംഎൽഎയെ രാഷ്ട്രീയമായി ആക്രമിക്കാൻ അനുവദിക്കില്ല: കേരള കോൺഗ്രസ്-എം
1579278
Sunday, July 27, 2025 11:24 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബൈപാസ് നിർമാണത്തിനായി കൊണ്ടുവന്ന ഇരുമ്പുകമ്പികൾ രാത്രിയിൽ തിരികെ കടത്താൻ നടത്തിയ നീക്കത്തിൽ പ്രതിഷേധം. കേരള കോൺഗ്രസ്-എം നേതാക്കളാണ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്.
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ കരാർ ചുമതലയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഗുജറാത്ത് കേന്ദ്രമായുള്ള ബാക് ബോൺ കൺസ്ട്രക്ഷൻസ് കമ്പനി നിർമാണത്തിനായി എത്തിച്ച ഇരുമ്പുകമ്പികൾ കഴിഞ്ഞ ദിവസം തിരികെ കൊണ്ടുപോകുവാൻ ശ്രമിച്ചിരുന്നു.
രാത്രിയിലാണ് വാഹനവുമായെത്തി നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന കമ്പികൾ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞതിനെത്തുടർന്ന് എത്തിയ കേരള കോൺഗ്രസ്-എം നേതാക്കൾ വാഹനം തടയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഇന്നലെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ പ്രാദേശിക നേതാക്കളും പ്രവർത്തകരും വാഹനത്തിൽ കൊടി നാട്ടുകയും പ്രതിഷേധിക്കുകയുമായിരുന്നു.
കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ഷാജൻ മണ്ണംപ്ലാക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബൈപാസിന്റെ നിർമാണ സാമഗ്രികൾ പാതിരാത്രി കടത്തിക്കൊണ്ടു പോകുവാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്നും മോഷണം നടന്നെന്ന പേരിൽ കേസ് കൊടുത്ത് ബൈപാസ് നടപടികൾ വൈകിക്കാനുള്ള ഗുജറാത്ത് കമ്പനിയുടെ ശ്രമമാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എൻ. ജയരാജ് എംഎൽഎക്കെതിരേ വരുന്ന എല്ലാ അക്രമങ്ങളെയും പ്രതിഷേധങ്ങളെയും നേരിടുമെന്നും കേരള കോൺഗ്രസ്-എം നേതാക്കൾ അറിയിച്ചു.
ആർബിഡിസി റൈറ്റ്സ് കിഫ്ബി ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച സംയുക്തമായി നടത്തിയ പരിശോധനയിൽ 32 ശതമാനം വർക്കാണ് പൂർത്തിയായിട്ടുള്ളത്. രണ്ടു മാസത്തിനുള്ളിൽ ബൈപാസ് തുടർ നിർമാണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്ന് ജനങ്ങൾ മനസിലാക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
യോഗത്തിൽ കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം സെക്രട്ടറി അജു പനയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോളി മടുക്കക്കുഴി, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, മനോജ് ചീരാൻകുഴി, ഷിജു വാഴൂർ, ജോഷി അഞ്ചനാടൻ, രാഹുൽ ബി. പിള്ള, ദിലീപ് കൊണ്ടുപറന്പിൽ, നാസർ സലാം, പി.എം. അഖിൽ, എബി പനയ്ക്കൽ, മാത്യു നടുതൊട്ടി എന്നിവർ പ്രസംഗിച്ചു.