കാറ്റിലും മഴയിലും നാശനഷ്ടം
1579083
Sunday, July 27, 2025 5:09 AM IST
ചാമംപതാൽ: കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും മേഖലയിൽ കനത്ത നാശനഷ്ടം. ഉള്ളായം കാക്കനാട്ട് കുഞ്ഞുമോന്റെ വീട് തേക്ക് മരം വീണ് തകർന്നു.
ചാമംപതാൽ ആനിക്കാട് ഷിമാലിന്റെ വീടിന് പാലമരം വീണ് കേടുപാടുകൾ സംഭവിച്ചു. മേഖലയിലാകെ മരങ്ങൾ വീണ് കമ്പികൾ പൊട്ടിയതിനെത്തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വിവിധ റോഡുകളിൽ ഗതാഗതതടസം ഉണ്ടായി.
കനകപ്പലത്ത് മൂന്ന് വീടുകൾക്ക് നാശനഷ്ടങ്ങൾ
എരുമേലി: വനം വകുപ്പിലെ അനാസ്ഥ മൂലം കേടായ മരങ്ങൾ ഭീഷണി. ഇന്നലെ കനകപ്പലത്ത് മൂന്ന് വീടുകൾക്ക് മുകളിൽ വനം വകുപ്പിന്റെ മരങ്ങൾ വീണ് അപകടമുണ്ടായി. സാമൂഹ്യ വനവത്കരണ ഓഫീസിന് സമീപത്താണ് മൂന്നു വീടുകളുടെ മുകളിൽ മരങ്ങൾ വീണത്. ആളപായമില്ല. കനകപ്പലത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. മുക്കൂട്ടുതറ ഇടകടത്തി അറുവച്ചാംകുഴി ഭാഗത്തും കാറ്റ് മരങ്ങളെ കടപുഴക്കി. ആൾത്താമസം ഇല്ലാത്ത വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു വീണു.

ഈ വീടിന്റെ മുകളിൽ മരം വീണ നിലയിലാണ്. എരുമേലിയിലും പരിസരങ്ങളിലും വ്യാപകമായി കാറ്റ് മൂലം മരങ്ങൾ വീണു. ചരളക്ക് സമീപം റബറും തേക്കും ഒടിഞ്ഞുവീണതുമൂലം എരുമേലി- മുണ്ടക്കയം റോഡില്‍ അല്പസമയം ഗതാഗതം തടസപ്പെട്ടു. ചരളയിൽ റോഡരികില്നില്ക്കുന്ന മരങ്ങള്‍ വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയും വലിയ കാറ്റുമാണ് ഈ പ്രദേശത്ത് ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.