അല്‍ഫോന്‍സാമ്മ ആശ്വാസകേന്ദ്രം: ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
1579512
Monday, July 28, 2025 7:38 AM IST
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മയുടെ കബറിടം ആശ്വാസകേന്ദ്രമാണെന്നും ജീവിതത്തില്‍ ഏറെ സഹനങ്ങളിലൂടെ കടന്നുപോയ വിശുദ്ധ തന്റെ അടുത്തുവരുന്നവരുടെ സഹനങ്ങള്‍ എടുത്തുമാറ്റുന്ന ഒരു ദിവ്യമായ സാന്നിധ്യമാണെന്നും ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഭരണങ്ങാനത്ത് ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഫാ. റോബിന് പുതുപറമ്പില്‍, ഫാ. ജോസഫ് കുഴിവേലിത്തടത്തില്‍, ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ഡൊമിനിക് വെച്ചൂര്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. കെവിന് മുണ്ടയ്ക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോണ്സണ് പാക്കരമ്പേല്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് താന്നിക്കപ്പാറ ജപമാല പ്രദക്ഷിണത്തിനും കാര്‍മികത്വം വഹിച്ചു.
ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സ കബറിടത്തിങ്കലേക്ക് തുടര്‍ച്ചയായ 26-ാം വര്‍ഷവും തീര്‍ഥാടനം നടത്തി. വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, സഹവികാരി ഫാ. നോബി വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
അൽഫോൻസാമ്മയുടെ കബറിടം സ്വർഗം തുറക്കപ്പെട്ട സ്ഥലം: മാർ ജോസഫ് സ്രാന്പിക്കൽ
ഭരണങ്ങാനം: താന്‍ കേട്ട എല്ലാ ദൈവവചനങ്ങളും ജീവിതത്തില്‍ ജീവിച്ച് യാഥാര്ഥ്യമാക്കിയിട്ടുള്ള ഒരു കണ്ണാടിയായി അല്‍ഫോന്‍സാമ്മ നമ്മുടെ മുമ്പില്‍ നില്‍ക്കുന്നുവെന്നും സ്വര്‍ഗം തുറക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് അല്‍ഫോന്‍സാമ്മയുടെ കബറിടമെന്നും ഗ്രേറ്റ് ബ്രിട്ടന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ഭരണങ്ങാനത്ത് ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മുടെ വിശ്വാസജീവിതത്തിന്റെ പ്രതിസന്ധിയില്‍ വലിയ കരുത്ത് നല്‍കുന്നവെന്നും ബിഷപ് പറഞ്ഞു.