കൂട്ടിക്കൽ ബ്ലോക്ക് ഡിവിഷനെ തലനാട് ഡിവിഷനിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന്
1579539
Tuesday, July 29, 2025 12:21 AM IST
കൂട്ടിക്കൽ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അതിർത്തികൾ പുനർനിർണയിച്ചപ്പോൾ കൂട്ടിക്കൽ ബ്ലോക്ക് ഡിവിഷനെ തലനാട് ഡിവിഷനിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ്-എം ആവശ്യപ്പെട്ടു.
മേലുകാവ്, മൂന്നിലവ് ഉൾപ്പെടെ വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്നതും മലയോരപ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്നതും ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസാധ്യതകൾ ഉള്ളതുമായ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് പുതിയ ഡിവിഷൻ ഉണ്ടാക്കിയത് പുനഃപരിശോധിക്കണം. പുതിയ ഡിവിഷന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്തിച്ചേരാൻ 60 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരും.
ഒരു ജില്ലാ പഞ്ചായത്ത് ജനപ്രതിനിധിയെ സംബന്ധിച്ച് സർക്കാർ പരിപാടികളിലോ സ്വകാര്യ പരിപാടികളിലോ സേവനമോ സഹായമോ ലഭ്യമാക്കാൻ സാധിക്കില്ല. അതുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഉൾപ്പെട്ടതും 9000 മാത്രം ജനസംഖ്യയുള്ളതുമായ കൂട്ടിക്കൽ ഡിവിഷനെ തൊട്ടടുത്ത മുണ്ടക്കയം ഡിവിഷനിലോ പൂഞ്ഞാർ ഡിവിഷനിലോ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്-എം ആവശ്യപ്പെട്ടു. പി.സി. സൈമൺ, കെ.എസ്. മോഹനൻ, ജെസി ജോസ്, വി.വി. സോമൻ, ബെന്നി ആറ്റുകാലിൽ, പി.പി. രാജപ്പൻ, ജോയി കളരിക്കൽ എന്നിവർ പ്രസംഗിച്ചു.