രാസലഹരിക്കെതിരേ ചങ്ങനാശേരിയില്‍ അമ്മമാരുടെ കൂട്ടായ്മ
1579723
Tuesday, July 29, 2025 7:45 AM IST
ചങ്ങനാശേരി: ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം മക്കളിലുണ്ടാകുന്ന സ്വഭാവവ്യതിയാനങ്ങളും മാനസിക, ശാരീരിക പ്രശ്നങ്ങളും തിരിച്ചറിയുന്നതിനും അതില്‍നിന്നും അവരെ മോചിപ്പിക്കുന്നതിനും അമ്മമാരെ പ്രാപ്തരാക്കുന്നതിനായി ചങ്ങനാശേരിയില്‍ അമ്മമാരുടെ കൂട്ടായ്മ സജ്ജമാകുന്നു.
താലൂക്ക് റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍, അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂള്‍സ്, റേഡിയോ മീഡിയ വില്ലേജ്, എക്സൈസ്, പോലീസ് വിഭാഗം, ജിമ്പയര്‍, സെന്റ് തോമസ് ആശുപത്രി, വൈഡബ്ല്യുസിഎ, സമരിറ്റന്‍ മെഡിക്കല്‍ ട്രസ്റ്റ്, ചങ്ങനാശേരി ജംഗ്ഷന് ഫേസ്ബുക്ക് കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. റൂബിള്‍രാജ്, സി.ജെ. ജോസഫ്, ഷിജി ജോണ്സണ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.കെ. പ്രസാദ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ എന്നിവർ പ്രസംഗിക്കും.