കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇടപെട്ടു; മീനടത്ത് വൈദ്യുതി എത്തി
1579732
Tuesday, July 29, 2025 7:45 AM IST
മീനടം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടര്‍ന്ന് ആറുദിവസമായി വൈദ്യുതി മുടങ്ങിയ മീനടം നാരകത്തോട് വൈദ്യുതി എത്തി. ദിവസങ്ങളായി വൈദ്യുതിയില്ലാഞ്ഞതിനെത്തുടർന്ന് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി തന്നെ വൈദ്യുതി ബോര്‍ഡ് അധികൃതരുമായി കേന്ദ്രമന്ത്രി നേരിട്ടു ചര്‍ച്ച നടത്തി. ഏറ്റവും വേഗത്തില്‍ പ്രശ്നം പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ രാവിലെ ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തിനുള്ളില്‍ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ ഉറപ്പുനല്‍കി. ഇതോടെയാണ് സമരമവസാനിപ്പിച്ചത്.
വൈദ്യുതി ദിവസങ്ങളോളം നിലച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായിരുന്നു. കെഎസ്ഇബിയിലെ അതിരൂക്ഷമായ ജീവനക്കാരുടെ കുറവാണു മഴക്കെടുതികള്‍ വര്‍ധിക്കുമ്പോള്‍ വൈദ്യുതി വിതരണം താറുമാറാകുന്നതിന് പ്രധാന കാരണമെന്ന് എന്‍. ഹരി ആരോപിച്ചു. മേഖലാ സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം, ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. അജികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, മണ്ഡലം ട്രഷറര്‍ പ്രസാദ് വെണ്ണിമല, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, പഞ്ചായത്ത് പ്രസിഡന്റ് രാജു മീനടം, പ്രശാന്ത് പയ്യപാടി, പ്രേമന് നാരകത്തോട് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.