ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡ് : പൈപ്പിടൽ ഓഗസ്റ്റ് പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന്
1579498
Monday, July 28, 2025 7:18 AM IST
കോട്ടയം: തകര്‍ന്നുകിടക്കുന്ന ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ഇടല് തിരുവഞ്ചൂര്‍ മുതല്‍ മോസ്കോ വരെയുള്ള ഭാഗത്ത് ഓഗസ്റ്റ് പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അഥോറിറ്റി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിഷയം അവതരിപ്പിച്ചപ്പോഴാണ് വാട്ടര്‍ അഥോറിട്ടി അധികൃതര്‍ മറുപടി നല്‍കിയത്.
പൈപ്പിടീല്‍ കഴിഞ്ഞാലുടനെ ടാറിംഗ് നടത്താന്‍ പൊതുമരാമത്തുവകുപ്പിനും യോഗം നിര്‍ദേശം നല്കി. ബാക്കി റീച്ചുകള്‍ സംബന്ധിച്ച് വാട്ടര്‍ അഥോറിറ്റിയും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധന നടത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ഈരയില്‍ക്കടവ് ബൈപാസില്‍ മാലിന്യം തള്ളുന്നത് തടയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം മാലിന്യം നീക്കാന്‍ നഗരസഭാ സെക്രട്ടറിയെ വികസസ സമിതി യോഗം ചുമതലപ്പെടുത്തി. മാങ്ങാനം ഇന്ദിരാ നഗര്‍, മുട്ടമ്പലം ഭാഗങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ വാട്ടർ അഥോറിറ്റി അധികൃതര്‍ക്കു യോഗം നിര്‍ദേശം നല്കി.
ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി പരിസരത്തെ പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് ഓഫീസില്‍നിന്ന് അനുമതി കിട്ടിയാലുടന്‍ മുറിച്ചുമാറ്റുമെന്നും കെഎസ്ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.
സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾക്കെതിരേ നടപടി
ഏറ്റുമാനൂർ: സ്റ്റോപ്പുകളിൽ നിർത്താത്ത സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരേ കർശന നടപടിയെന്ന് ആർടിഒ. ഐസിഎച്ച്, അമലഗിരി ബികെ കോളജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തണമെന്ന് കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ വികസനസമിതി യോഗത്തിൽ ടി.വി. സോണി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആർടിഒയുടെ പ്രതികരണം.
അതിരമ്പുഴ നാല്പാത്തിമലയിൽ വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ച വാട്ടർ ടാങ്ക് പ്രവർത്തന സജ്ജമാക്കുക, ഓണംതുരുത്ത് ജംഗ്ഷനിൽ ബസ്സ്റ്റോപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി മരം വെട്ടി മാറ്റുക, ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുക തുടങ്ങി ടി.വി. സോണി ഉന്നയിച്ച മറ്റു വിഷയങ്ങളിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കു കളക്ടർ നിർദേശം നൽകി.