യൂണിറ്റ് വാർഷികവും കുടുംബ സംഗമവും
1579076
Sunday, July 27, 2025 5:09 AM IST
മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് വാർഷികവും കുടുംബമേളയും 29ന് നടക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ടി.എസ്. റഷീദ്, വൈസ് പ്രസിഡന്റ് എസ്. സാബു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് ടി.എസ്. റഷീദ് അധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി പി.എം. നജീബ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ സിനോൾ തോമസ് കണക്കും അവതരിപ്പിക്കും. വനിതാ വിംഗ് പ്രസിഡന്റ് റൂബി ജോൺ മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷറഫ് എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ തുറമുഖ സഹകരണ ദേവസ്വം മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. യോഗത്തിൽ ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് എന്നിവർ പ്രസംഗിക്കും. പത്ര സമ്മേളനത്തിൽ സെക്രട്ടറിമാരായ എം.എൻ. സുരേഷ്, ജോഷി ജോസഫ്, മുഹമ്മദ് അഷ്റഫ്, ബബിത,സിനോൾ എന്നിവർ പങ്കെടുത്തു.