ഓളപ്പരപ്പിൽ തുഴയെറിയാൻ കുമരകം ബോട്ട് ക്ലബ്
1579507
Monday, July 28, 2025 7:18 AM IST
കുമരകം: അടുത്തമാസം 30ന് പുന്നമടക്കായലിൽ നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സിന് തുഴയെറിയാൻ കുമരകത്ത് പരിശീലനം തുടങ്ങി.
നെഹ്റു ട്രോഫിയിൽ പല വർഷങ്ങളിലും ജലരാജക്കന്മാരായി വിരാജിച്ചവരാണ് കുമരകത്തെ ക്ലബ്ബുകൾ. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി നെഹ്റുട്രോഫിയിൽ മുത്തമിടാൻ കുമരകത്തെ കരുത്തരായ ക്ലബ്ബുകൾക്ക് ഒന്നിനും സാധിച്ചില്ല. ഫൈനലിൽ മത്സരിക്കാൻ അർഹത നേടിയിട്ടും നിരാശയായിരുന്നു ഫലം.
ആദ്യ കാലങ്ങളിൽ കുമരകം ബോട്ട് ക്ലബ്ബ് മാത്രമായിരുന്നു നെഹ്റു ട്രാേഫിയിൽ തുഴയെറിഞ്ഞിരുന്നത്. എന്നാൽ, അല്ലറചില്ലറ സൗന്ദര്യപ്പിണക്കങ്ങളെത്തുടർന്ന് പുതിയ ക്ലബ്ബുകൾ രുപീകരിച്ചു. ക്ലബ്ബുകൾ കൂടിയെങ്കിലും തുഴച്ചിൽക്കാർ വർധിച്ചില്ല. തുടർന്നു മറ്റു കരക്കാരെ തുഴച്ചിൽക്കാരാക്കി. തുഴച്ചിൽക്കാർക്ക് കൂലിയും കൊടുത്തു തുടങ്ങി. അഞ്ചു ചുണ്ടൻവള്ളങ്ങൾ വരെ കുമരത്തുനിന്നും ആലപ്പുഴയിൽ മത്സരിച്ച കാലവും ഉണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം പല ക്ലബ്ബുകളും രംഗം വിട്ടു. ഈ വർഷം രണ്ടു ചുണ്ടൻ വള്ളങ്ങൾ മാത്രമാണ് കുമരകത്തെ കുബ്ബുകളുമായി ഇതുവരെ കരാറിലായത്. ടൗൺ ബോട്ട് ക്ലബ്ബ് പായിപ്പാടൻ ചുണ്ടനിലും എൻസിഡിസി ബോട്ട് ക്ലബ്ബ് കുമരകത്തിന്റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പനിലും മത്സരിക്കും.
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരിശീലനത്തിന് ആരംഭം കുറിച്ചത് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നായിരുന്നു. കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയുടെ പാരിഷ് ഹാളിലാണ് ടീമിന്റെ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം നീറ്റിലിറക്കിയ പായിപ്പാടൻ ചുണ്ടനിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. ടോണി വർക്കിച്ചൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.
2023ൽ ചമ്പക്കുളം വള്ളത്തിൽ ഫൈനലിൽ മത്സരിച്ച ക്ലബ്ബ് മൈക്രാേ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ടു ക്ലബ്ബിന്റെ വീയപുരം ചുണ്ടന്റെ പിന്നിൽ രണ്ടാം സ്ഥാനക്കാരായത്. കഴിഞ്ഞവർഷം നടുഭാഗം ചുണ്ടനിൽ മത്സരിച്ചപ്പോൾ തലനാരിഴയ്ക്ക് മൂന്നാം സ്ഥാനക്കാരാകുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട നെഹ്റു ട്രോഫി ഇക്കുറി കുമരകത്തെത്തിക്കാനുള്ള വാശിയിലാണ് ക്ലബ്ബിന്റെ പടപ്പുറപ്പാട്.