കുമരകം ബോട്ട് ദുരന്തത്തിന് 23 വയസ്
1579170
Sunday, July 27, 2025 6:31 AM IST
കുമരകം: കുമരകം ബോട്ട് ദുരന്തം സംഭവിച്ചിട്ട് ഇന്ന് 23 വർഷം പിന്നിടുന്നു. 2002 ജൂലൈ 27ന് രാവിലെ ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെ ടെ 29 മനുഷ്യജീവനുകളാണ് വേമ്പനാട്ടു കായലിൽ പൊലിഞ്ഞത്. മുഹമ്മയിൽനിന്നു കുമരകത്തേക്ക് സംസ്ഥാന ജലഗതാഗത ബോട്ടിൽ കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, മാരാരിക്കുളം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽനിന്നും പുറപ്പെട്ടവരാണ് ലക്ഷ്യത്തിലെത്തും മുമ്പ് അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പിഎസ്സി പരീക്ഷയെഴുതാൻ യാത്ര പുറപ്പെട്ട യുവതീയുവാക്കളും മത്സ്യക്കച്ചവടത്തിനും മറ്റു തൊഴിലുകൾക്കുമായി പുറപ്പെട്ടവരുമാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്.
കാലപ്പഴക്കം ചെന്ന ബോട്ടിൽ യാത്രചെയ്യാൻ കഴിയുന്നതിൽ ഇരട്ടി യാത്രക്കാർ കയറിയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ കമ്മീഷനെ നിയമിച്ചെങ്കിലും കമ്മീഷൻ റിപ്പോർട്ടിൽ ഭൂരിപക്ഷവും നടപ്പാക്കിയില്ല.
കുമരകത്ത് ഇന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തും. കുമരകം ബോട്ടു ദുരന്ത സ്മാരക മന്ദിരാങ്കണത്തിൽ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന സ്മരണാഞ്ജലിയിൽ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.