കൊടുങ്കാറ്റും പേമാരിയും തുടരുന്നു; അമ്പതോളം വീടുകള്‍ക്ക് നാശം
1579195
Sunday, July 27, 2025 6:37 AM IST
ചങ്ങനാശേരി: കൊടുങ്കാറ്റും പേമാരിയും തുടരുന്നു. മരങ്ങള്‍ കടപുഴകുന്നു. വീടുകള്‍ക്കു നാശം. ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അമ്പതോളം വീടുകള്‍ക്ക് ഭാഗികനാശം നേരിട്ടിട്ടുണ്ട്. പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാല്‍ പുതുവല്‍, കോമങ്കേരിച്ചിറ, അംബേദ്കര്‍ നഗര്‍, എസി കോളനി, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, പറാല്‍, ഓടേറ്റി ഭാഗങ്ങളിലും ജലനിരപ്പുയരുന്നത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.
മുളയ്ക്കാംതുരുത്തി, വാലടി, ഈര, കൈനടി ഭാഗങ്ങളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണകക്കുഴി ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പായിപ്പാട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പാറക്കല്‍ സൈഫിന്റെ വീട് ഭാഗികമായി ഇടിഞ്ഞുവീണു. സൈഫും കുടുംബാംഗങ്ങളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടുക്കളയും ഒരുമുറിയും പൂര്‍ണമായും തകര്‍ന്നു.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ഇത്തിത്താനം കരിമ്പിന്തറ ഓമനക്കുട്ടന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇവരുടെ അടുക്കളയും ഒരുമുറിയും ശുചിമുറിയും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കുടുംബാംഗങ്ങള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓമനക്കുട്ടന്റെ ഓട്ടോയ്ക്കും നാശം നേരിട്ടു. പെരുമ്പനച്ചി പ്രാക്കുഴി ഷീജ ബിജിയുടെ വീട് വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല.
വൈദ്യുതിബന്ധം നിലച്ചു
കറുകച്ചാൽ, നെടുംകുന്നം പ്രദേശങ്ങളിൽ വെെദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസം. കൊടുങ്കാറ്റിൽ വിവിധ സ്ഥലങ്ങളിൽ പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതിനെത്തുടർന്നാണ് പ്രതിസന്ധിക്കുണ്ടായിരിക്കുന്നത്. കടപുഴകിവീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി അഗ്നിശമനസേനയും, തകര്‍ന്നുവീണ വൈദ്യുതി പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി ജീവനക്കാരും നിലംതൊടാതെ ഓടുകയാണ്.