ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റണമെന്ന്
1579082
Sunday, July 27, 2025 5:09 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ലയങ്ങൾക്കും വിവിധ കെട്ടിടങ്ങൾക്കും മുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്നത് നൂറുകണക്കിന് മരങ്ങളെന്ന് ആക്ഷേപം. അപകടാവസ്ഥയിലായ മരങ്ങൾ വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വീശിയടിച്ച ശക്തമായ കാറ്റിൽ മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. രണ്ട് ലയങ്ങൾക്കു മുകളിൽ മരം ഒടിഞ്ഞുവീണു. ഇതിനെത്തുടർന്ന് ഓടുപൊട്ടി തലയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. കൂടാതെ റേഷൻ കട പ്രവർത്തിക്കുന്ന ലയത്തിന്റെ മേൽക്കൂര തകർന്ന് കെട്ടിടത്തിനും കടയിലെ സാധനങ്ങൾക്കും കേടുപാടും സംഭവിച്ചു.
എസ്റ്റേറ്റിന്റെ ആശുപത്രി കെട്ടിടത്തിനുമുകളിലും മരം വീണ് തകരാർ സംഭവിച്ചു. അപകടത്തെത്തുടർന്ന് നാല് കുടുംബങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക് മുമ്പും എസ്റ്റേറ്റിലെ ലയത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് താമസക്കാർക്ക് സാരമായി പരിക്കേറ്റിരുന്നു. മതന്പ, കടമാൻകുളം, ഇഡികെ, ചെന്നാപ്പാറ തുടങ്ങിയ മേഖലകളിലെ ലയങ്ങൾക്ക് മുകളിൽ ഏത് സമയവും നിലംപതിക്കാവുന്ന അവസ്ഥയിൽ അപകട ഭീഷണിയുയർത്തി നിരവധി മരങ്ങളാണ് നിൽക്കുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അടക്കം പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.