ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധം കനക്കുന്നു
1579544
Tuesday, July 29, 2025 12:21 AM IST
സിഎസ്ഐ സഭ
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സിഎസ്ഐ സഭ. കന്യാസ്ത്രീകളെ അകാരണമായാണ് ജയിലിലടച്ചതെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് പറഞ്ഞു. ഒരു സഭയും ആരെയും നിര്‍ബന്ധിച്ചു മതം മാറ്റുന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള നിയമങ്ങളിലൂടെ ആളുകളെ അനാവശ്യമായി തുറങ്കിലടയ്ക്കുന്നതിനുള്ള ഒരു പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി നിവേദനം നല്കി
കോട്ടയം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവര്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എംപി നിവേദനം നല്കി. ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ് ബജ്രംഗ്ദള് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് നടത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ധര്‍ണ ഇന്ന്
കോട്ടയം: ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ഇന്ന് ധര്‍ണ നടത്തും. രാവിലെ 10.30ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് നടക്കുന്ന ധര്‍ണ എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
ഭരണഘടനാ വിരുദ്ധം: കൊടിക്കുന്നില്‍ സുരേഷ്
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതിഷേധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന പോലീസ് നടപടികള്‍ രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിന് നേരേയുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ദൗര്‍ഭാഗ്യകരം: മാണി സി. കാപ്പന്
പാലാ: ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മാണി സി. കാപ്പന് എംഎല്‍എ. നിയമങ്ങള്‍ ദുരുപയോഗം ചെയ്തുള്ള ക്രൈസ്തവ വേട്ടയാണ് ഉത്തരേന്ത്യയില്‍ ബിജെപി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ മലയാളി സിസ്റ്റർമാരുടെ മോചനത്തിനായി കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഇടപെടണം: ജോബ് മൈക്കിള്‍
കോട്ടയം: കേരളത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി ക്രൈസ്തവ പീഡനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിള്‍ എംഎല്‍എ. കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിച്ച ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവരെ മോചിപ്പിക്കുവാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോബ് മൈക്കിള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിജി എം തോമസ്, ജോസഫ് ചാമക്കാല, സാജന് തൊടുക, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, മാലേത്ത് പ്രതാപചന്ദ്രന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോജി കുറത്തിയാട്ട്, രാജു ആലപ്പാട്ട്, ബെന്നി തടത്തില്‍, ബൈജു കൊല്ലമ്പറമ്പില്‍, മത്തച്ചന് പ്ലാത്തോട്ടം, എന്‍.എ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ
സായാഹ്ന ധര്‍ണ ഇന്ന്
ചങ്ങനാശേരി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസ സഭാംഗങ്ങളായ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 5.30ന് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ധര്‍ണ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജോസ് ജോണ്‍ വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര എന്നിവര്‍ പ്രസംഗിക്കും.