വിദ്യാർഥികൾക്ക് ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
1579734
Tuesday, July 29, 2025 7:45 AM IST
കുമരകം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുത്തനനുഭവമായി. കുമരകം സെന്റ് ജോൺസ് യുപി സ്കൂളിലെ ഒരാഴ്ച നീണ്ടുനിന്ന ഇലക്ഷൻ പ്രക്രിയകൾ ഇന്നലെ സമാപിച്ചു. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഏഴാം ക്ലാസിലെ അഭിറാം അഭിലാഷ് ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിച്ചു.പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴാം ക്ലാസിലെ യമീമ സുനിൽ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കുട്ടികൾ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും അവർക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയതെന്ന് സ്കൂൾ പ്രധാന അധ്യാപകൻ ഐ.എം. അനീഷ് പറഞ്ഞു.
കൈറ്റ് മലപ്പുറത്തിന്റെ കീഴിൽ ഐടി വിദഗ്ധൻ സുനിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേർ ആണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. കുട്ടികളാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പ് ഫലം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. വിജയികളെ ഹാരമണിയിച്ച് ആദരിച്ചു. പ്രിസൈഡിംഗ് ഓഫീസറായി കെ.ഐ. മരിയ ഗ്രാസ്യ സേവനം അനുഷ്ഠിച്ചു.
പോളിംഗ് ഓഫീസർമാരായി ഏബൽ വി. ഷിബു, ശ്രീനന്ദ് സിജിമോൻ, ആൽബിൻ ദീപു എന്നിവർ പ്രവർത്തിച്ചു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സച്ചു കെ. സരീഷിനായിരുന്നു ക്രമസമാധാനച്ചുമതല. പോളിംഗ് ഏജന്റുമാരായും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്. സീനിയർ അധ്യാപിക ജെയ്സി ജോസഫായിരുന്നു റിട്ടേണിംഗ് ഓഫീസർ.