ടിങ്കർ ഫെസ്റ്റിൽ ശാസ്ത്രമികവുമായി പനമറ്റം ഗവ. എച്ച്എസ്എസ് വിദ്യാർഥികൾ
1579540
Tuesday, July 29, 2025 12:21 AM IST
പൊൻകുന്നം: കേരള സ്റ്റാർട്ട്അപ്പ് മിഷൻ എറണാകുളം ഫാബ് ലാബിൽ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തിയ ടിങ്കർ ഫെസ്റ്റിൽ നവീന ആശയം പ്രദർശിപ്പിച്ച് പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സ്കൂളിലെ ടിങ്കർ ലാബിൽ തയാറാക്കിയ പ്രോജക്ടാണ് കുട്ടികൾ അവതരിപ്പിച്ചത്.
രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതു മൂലം സംഭവിക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാർഗമാണ് കുട്ടികൾ അവതരിപ്പിച്ചത്. എതിരേവരുന്ന വാഹനങ്ങളുടെ ലൈറ്റ് നമ്മുടെ വാഹനത്തിലെ സെൻസറിൽ പതിക്കുമ്പോൾ വാഹനത്തിന്റെ ലൈറ്റ് സ്വയം ഡിം ആകും. വാഹനങ്ങളിലെല്ലാം ഈ സംവിധാനം ചെയ്താൽ രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും. ആരുഷ് ഗോപകുമാർ, ശ്രീഹരി ആർ. പിള്ള, ശ്രീഹരി രഞ്ജിത്ത്, അന്നു മരിയ ജോസ്, നൗറിൻ ബിൻത് റഫീഖ് എന്നീ കുട്ടികളാണ് ടിങ്കർ ഫെസ്റ്റിൽ പങ്കെടുത്തത്. ടിങ്കറിംഗ് ലാബിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അധ്യാപിക ഷിജിന റഹീമാണ്.
2021ലാണ് പനമറ്റം സ്കൂളിൽ ടിങ്കറിംഗ് ലാബ് അനുവദിച്ചത്. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. യുപി വിഭാഗം കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വയറിംഗ്, പ്ലംബിംഗ്, വെൽഡിംഗ്, കൃഷി, എംബ്രോയ്ഡറി, ഫാബ്രിക് പെയിന്റിംഗ്, തയ്യൽ തുടങ്ങിയ 29 ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.