ഭക്തിസാന്ദ്രമായി അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
1579543
Tuesday, July 29, 2025 12:21 AM IST
ഭരണങ്ങാനം: ആയിരങ്ങള്‍ക്ക് അനുഗ്രഹവും ആശ്വാസവും പ്രത്യാശയും നല്കി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. തിരുനാള്‍ ദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലും വിശുദ്ധ സഹനബലിയര്പ്പിച്ച ക്ലാരമഠത്തിലും അനുഗ്രഹം തേടിയെത്തിയത് പതിനായിരങ്ങളാണ്. ഇന്നലെ പുലര്‍ച്ചെമുതല്‍ രാത്രി വൈകിവരെ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണങ്ങളില്‍ പങ്കെടുക്കാന്‍ ഒട്ടേറെ വിശ്വാസികളെത്തി.
തിരുനാള്‍ ദിവസങ്ങളില്‍ കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരുന്നു. ഇന്നലെ രാവിലെ ഏഴിന് മാര്‍ ജോസഫ് പളളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഹകാര്‍മികനായിരുന്നു. ഭരണങ്ങാനം ഫൊറോന ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം തീര്‍ഥാടന കേന്ദ്രത്തില്‍നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും സംവഹിച്ചെത്തിയ പ്രദക്ഷിണവുമായി സംഗമിച്ച് ജപമാല പ്രദക്ഷിണമായി ടൗണ്‍ ചുറ്റി പളളിയില്‍ സമാപിച്ചു.
വിപുലമായ ക്രമീകരണങ്ങളാണ് ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തീര്‍ഥാടനകേന്ദ്രം ഒരുക്കിയത്. 101 അംഗ വോളണ്ടിയര്‍മാരും പോലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രഥമ ശുശ്രൂഷാ ടീമും സഹായങ്ങള്‍ നല്കി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ.അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, ഫൊറോന വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, വൈസ് റെക്ടര്‍മാരായ ഫാ.ജോസഫ് അമ്പാട്ട്, ഫാ.ആന്‍ണി തോണിക്കര എന്നിവര്‍ നേതൃത്വം നല്കി.
അല്‍ഫോന്‍സാമ്മ വിശുദ്ധിയിലേക്ക്
വഴി തെളിക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
ഭരണങ്ങാനം: കോലാഹലങ്ങളുടെയും അക്ഷമയുടെയും കാലഘട്ടത്തില്‍ നാം അല്ഫോന്സിയന് തത്വശാസ്ത്രം സ്വായത്തമാക്കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പ്രാര്‍ഥനയും സഹന മനോഭാവവും സ്വര്‍ഗം നോക്കിയുളള യാത്രയിലെ ഊന്നുവടികളാണെന്ന് അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു.
ഈശോയിലേക്ക് എത്താനുള്ള എല്ലാ വഴികളും അല്‍ഫോന്‍സാമ്മയുടെ സൂക്തങ്ങളിലും ജീവിതത്തിലുമുണ്ട്. ഭരണങ്ങാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. അല്‍ഫോന്‍സാമ്മയുടെ സുവിശേഷം ഇന്ന് ലോകം ഏറ്റുവാങ്ങിയിട്ടുണ്ട്. സഹനം സ്വര്‍ഗത്തിലേക്കുള്ള ഗോവണിപ്പടിയായി അല്‍ഫോന്‍സാമ്മ കണ്ടതാണ് നമുക്കുള്ള വലിയ സന്ദേശമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.