ശബരി റെയില്‍വേ- 3347.35 കോടി; എരുമേലി എയര്‍പോര്‍ട്ട്- 7047 കോടി
1579286
Sunday, July 27, 2025 11:24 PM IST
കോട്ടയം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിന്റെ നേട്ടമായി ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും കൊട്ടിഘോഷിക്കാമെന്നു മാത്രം. രണ്ടു പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പ് കല്ലിടീല്‍ നടത്തിയേക്കാമെന്നല്ലാതെ സമയബന്ധിതമായ നിര്‍മാണ പദ്ധതി മുന്നിലില്ല.
ശബരി റെയില്‍ പദ്ധതിയില്‍ സര്‍വേ പൂര്‍ത്തിയായ സ്ഥലം ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരിന് 600 കോടി രൂപ കണ്ടെത്തണം. പെരുമ്പാവൂര്‍ മുതല്‍ പിഴകുവരെ അടുത്ത റീച്ച് സ്ഥലം ഏറ്റെടുത്തുകൊടുക്കണം. ഇതില്‍ അതിര്‍ത്തി, ഉടമസ്ഥതാ തര്‍ക്കമുള്ളതും കോടതി കേസുള്ളതുമായ സ്ഥലങ്ങളും ഇതില്‍പ്പെടും.
അടുത്ത ഘട്ടം പിഴക് മുതല്‍ എരുമേലി വരെ അന്തിമ സര്‍വേ നടത്തി സ്ഥലം ഏറ്റെടുക്കണം. ഇവിടെ ആകാശ സര്‍വേ മാത്രമെ നടന്നിട്ടുള്ളൂ. ഈ റീച്ചില്‍ സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികളും ആവശ്യമുണ്ട്. മണിമല, മീനച്ചില്‍ നദികള്‍ക്ക് കുറുകെ വലിയ പാലങ്ങളും പണിയണം.
കുറഞ്ഞത് 1500 കോടി രൂപ സംസ്ഥാന വിഹിതമായി ശബരി റെയില്‍ പദ്ധതിയില്‍ വേണ്ടിവരും. 111 കി.മീ .പാതയില്‍ 14 സ്റ്റേഷനുകളുണ്ട്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 4000 കോടി രൂപയിലെത്തും.
എരുമേലി എയര്‍പോര്‍ട്ട് 7047 കോടി
മൂവായിരം കോടി രൂപ വകയിരുത്തിയ എരുമേലി എയര്‍പോര്‍ട്ടിന് മൊത്തം 7047 കോടി രൂപ വേണ്ടിവരുമെന്നാണ് അവസാന കണക്ക്. 2,570 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മൂന്നര കി.മീ. റണ്‍വേ നിര്‍മിക്കണം. ഇതില്‍ 2200 ഏക്കര്‍ വരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാര്‍ കേസ് നിലവിലുണ്ട്.
ഇതിനു തീരുമാനമുണ്ടാകാതെ പണി നടക്കില്ല. ചെറുവള്ളി എസ്റ്റേറ്റിനുള്ള നടപ്പുവില കോടതിയില്‍ കെട്ടിവച്ചതിനുശേഷമേ തോട്ടം അക്വയര്‍ ചെയ്യാനാകൂ. ഇതിനൊപ്പം എരുമേലി ടൗണ്‍ഷിപ്പ്, പുനരധിവാസം തുടങ്ങി വേറെയും ചെലവുകള്‍. വൈദ്യുതി, റോഡ്, വെള്ളം, ഗതാഗതം തുടങ്ങിയവയില്‍ വിപുലമായ സംവിധാനങ്ങളുണ്ടാവണം. എരുമേലിയെയും മണിമലയെയും ബന്ധിക്കുന്ന ആറ് റോഡുകള്‍ വിപുലമാക്കണം. മുക്കടയില്‍ വൈദ്യുതി സ്റ്റേഷന് പണിയണം.
നിലവിലുള്ള എരുമേലി കുടിവെള്ളപദ്ധതി പരാജയമായതിനാല്‍ പുതിയ സംവിധാനം വേണം. എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് ഫയര്‍, പോലീസ് സ്റ്റേഷനുകളും വേണം. സിയാല്‍ മോഡലില്‍ ഓഹരി വില്പനയിലൂടെ പണം കണ്ടെത്തിയാലും പകുതി ഓഹരി സര്‍ക്കാരിനായിരിക്കും. അത്തരത്തില്‍ കുറഞ്ഞത് 3500 കോടി രൂപ കണ്ടെത്തണം. ശബരി റെയില്‍വേ, എയര്‍പോര്‍ട്ട് പദ്ധതികള്‍ക്ക് അയ്യായിരം കോടി രൂപയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്.