കുമരകം ബോട്ട് ദുരന്തം: ജീവൻ പൊലിഞ്ഞവർക്ക് അരങ്ങ് സ്മരണാഞ്ജലിയർപ്പിച്ചു
1579501
Monday, July 28, 2025 7:18 AM IST
മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിന്റെ 23-ാമത് അനുസ്മരണ ദിനത്തിൽ അരങ്ങ് പ്രവർത്തകർ സ്മരണാഞ്ജലി അർപ്പിച്ചു. കായലിൽ മുങ്ങിത്താണ പ്രിയപ്പെട്ടവരുടെ സ്മരണകൾക്കു മുന്നിൽ ദീപം തെളിച്ച് കഴിഞ്ഞ 22 വർഷങ്ങളിലെപ്പോലെ അവർ ഇന്നലെയും പുഷ്പാർച്ചന നടത്തി. രാവിലെ ആറിന് മുഹമ്മ ജെട്ടിയിൽ നടന്ന അനുസ്മരണ ച്ചടങ്ങിൽ അരങ്ങ് രക്ഷാധികാരി സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകിയ അനുസ്മരണ ഗാനം സംസ്ഥാന കലോത്സവ വിജയികളായ ദേവിക സുരേഷും അനന്യ പി. അനിലും ചേർന്ന് ആലപിച്ചത് അക്ഷരങ്ങൾക്കൊണ്ട് അർച്ചന നടത്തുന്ന അനുഭവമായി മാറി.
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു . പി.എസ്. സന്തോഷ് കുമാർ, സി.കെ. മണി ചീരപ്പൻചിറ, ബേബി തോമസ്, ചന്ദ്രൻ കറുകക്കളം, വിജയകുമാർ, പ്രകാശൻ തണ്ണീർമുക്കം, സി. വി. വിദ്യാസാഗർ , വിജു ദാസൻ, ടോമിച്ചൻ കണ്ണയിൽ തുടങ്ങിയവർ പ്രസംഗിച്ചു.