വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
1579193
Sunday, July 27, 2025 6:37 AM IST
കടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്കമല സ്വദേശി ഷിജിന് (32) ആണ് പിടിയിലായത്.
തിരുവനന്തപുരം വെമ്പായം സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തിരുവനന്തപുരത്തുവച്ച് പരിചയത്തിലായ യുവതിയെ വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യ കേന്ദ്രത്തിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടു ദിവസം ചങ്ങനാശേരി ടൗണിലുള്ള ഹോട്ടലില്‍ എത്തിച്ചു പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയുടെ 15 പവന് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി.
തുടര്‍ന്ന് യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് യുവാവിനെ പിടികൂടി. ഇന്നലെ വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.