നാട്ടകം കണ്ണാടിക്കടവില്‍ രണ്ടു കടകളില്‍ മോഷണം
1579502
Monday, July 28, 2025 7:18 AM IST
കോട്ടയം: നാട്ടകം കണ്ണാടിക്കടവില്‍ രണ്ടു കടകളില്‍ മോഷണം. കടയ്ക്കുള്ളില്‍ കയറിയ മോഷ്ടാവ് പണവും സാധനങ്ങളും കവര്‍ന്നു. ഇന്നലെ ഞായറാഴ്ചയായതിനാല്‍ കട തുറക്കാന്‍ വൈകിയിരുന്നു. നാട്ടകം വില്ലേജ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പരുത്തുംപാറ സ്വദേശി ജിനുവിന്റെ കടയിലാണ് മോഷണം നടന്നത്. മൂവായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്.
ഇതിനു സമീപത്തു പ്രവര്‍ത്തിക്കുന്ന എ.ആര് ഹോം കെയറിലും മോഷണം നടന്നു. ഇവിടെനിന്നു പണം നഷ്ടമായിട്ടില്ല. രണ്ടു സ്ഥാപനങ്ങളിലും ഫയലുകളും സാധനങ്ങളും വലിച്ചുവാരിയിട്ടിരിക്കുകയാണ്.
രണ്ടു കടകളുടെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കയറിയിരിക്കുന്നത്. കടയുടെ പൂട്ട് പൊളിഞ്ഞു കിടക്കുന്നതു കണ്ട് വഴിയാത്രക്കാരാണ് വിവരം അറിയിച്ചത്. സംഭവമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്ത് എത്തി.