ചിറക്കടവിൽ വോട്ടർ പട്ടിക ചോർത്തിനൽകിയതായി ആരോപണം
1579080
Sunday, July 27, 2025 5:09 AM IST
പൊൻകുന്നം: ഇലക്ഷൻ കമ്മീഷൻ പഞ്ചായത്ത് വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതിന് രണ്ടാഴ്ച മുന്പ് ചിറക്കടവ് പഞ്ചായത്ത് അധികൃതർ കരട് വോട്ടർ പട്ടിക സിപിഎമ്മിന് ചോർത്തി നൽകിയതായി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വോട്ടർ പട്ടികയുടെ മുൻ പേജിൽ വാർഡിന്റ ഭൂപടം ഇല്ലാത്തത് വോട്ടർമാരെ സംശയ നിഴലിലാക്കുന്നു. വോട്ട് വിന്യാസം അശാസ്ത്രീയമായി നടത്തിയതിനാൽ വോട്ടർമാർ പലരും വാർഡിന് പുറത്താണ്.
ഏത് വാർഡിലാണ് വോട്ടുള്ളതെന്ന് തെരഞ്ഞു ബുദ്ധിമുട്ടുകയാണ് വോട്ടർമാർ. വാർഡിൽ താമസക്കാരായ നൂറുകണക്കിന് വോട്ടർമാർ മറ്റു വാർഡിലേക്ക് സ്ഥാനമാറ്റപ്പെടുകയോ പട്ടികയിൽനിന്ന് പുറത്താകുകയോ ചെയ്തിട്ടുണ്ട്.
ചെന്നാക്കുന്ന് വാർഡിൽ താമസക്കാരായ 84 പേരുടെ വോട്ട് വോട്ടർ പട്ടികയിൽ ഇല്ല. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎമ്മിന് അനുകൂല നിലയിലാണ് വോട്ടർ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. യുഡിഎഫ് വോട്ടർമാരെ വ്യാപകമായി വെട്ടി നിരത്തിയ നടപടിക്കെതിരേ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അറിയിച്ചു.