വീടിന്റെ മുറ്റം ഇടിയുന്നു; അഞ്ചംഗ കുടുംബം ഭീതിയിൽ
1579168
Sunday, July 27, 2025 6:31 AM IST
മണർകാട്: വീടിന്റെ മുറ്റം ഇടിയുന്നു, അഞ്ചംഗ കുടുംബം ഭീതിയിൽ. പഞ്ചായത്തിലെ 16-ാം വാർഡിൽ മുളേക്കുന്നുംപുറം അമ്പഴാതിനിൽ പി.കെ. ഓമനയും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്. വ്യാഴാഴ്ച രാത്രി വലിയ ശബ്ദത്തോടെ വീടിന്റെ അടുക്കള ഭാഗത്തോടുചേർന്നുള്ള മുറ്റം ഇടിഞ്ഞുവീഴുകയായിരുന്നെന്ന് ഓമന പറഞ്ഞു.
25 വർഷം മുന്പ് പ്രദേശത്തെ കുന്നിടിച്ച് മണ്ണെടുത്തിരുന്നു. ഇതിനെതിരേ കേസ് നൽകിയതിനെത്തുടർന്ന് മണ്ണെടുക്കുന്നത് കോടതി നിർത്തിവയ്പിക്കുകയും കരിങ്കൽ ഭിത്തി കെട്ടി കുടുംബത്തിനു സുരക്ഷയൊരുക്കണമെന്നും നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ സുരക്ഷാഭിത്തി നിർമിച്ചിട്ടില്ല.
മണ്ണിടിഞ്ഞതിനെത്തുടർന്നു വാർഡ് മെംബർ മറിയാമ്മ തോമസ്, പൊതുപ്രവർത്തകൻ ടി.പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുടുബത്തെ തൊട്ടടുത്ത വീട്ടിലേക്കു മാറ്റി താമസിപ്പിച്ചിരുന്നു. ശക്തമായ മഴയുണ്ടായാൽ വീട് 150 അടി താഴ്ചയിലേക്ക് പതിക്കും. പഞ്ചായത്ത് മെംബറുടെ നിർദേശത്തെത്തുടർന്ന് വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.