കലാം ക്വിസ് മത്സരം: കോതനല്ലൂര്‍ സ്കൂള്‍ ജേതാക്കള്‍
1579500
Monday, July 28, 2025 7:18 AM IST
കൈപ്പുഴ: സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ സംസ്ഥാനതല കലാം ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കോതനല്ലൂര്‍ ഇമ്മാനുവൽ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ജേതാക്കള്‍. ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നട്ടാശേരി എസ്എച്ച് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് യഥാക്രമം 10000, 8000, 5000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനം നല്കി.
യുപി വിഭാഗത്തില്‍ കോട്ടയം എംഡി സെമിനാരി എച്ച്എസ്എസും കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരവും ഇത്തിത്താനം എച്ച്എസ്എസും എല്‍പി വിഭാഗത്തില്‍ കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം, അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍പിഎസ്, മാന്നാനം സെന്റ് ജോസഫ്സ് എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഇവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫും യുപി വിഭാഗത്തില്‍ മടമ്പം മേരിലാൻഡ് സ്കൂള്‍ അധ്യാപകന് ലിബിന് കെ. കുര്യനും എല്‍പി വിഭാഗത്തില്‍ അലീന കുരുവിളയും ക്വിസ് നയിച്ചു.