വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 6982 അപേക്ഷ
1579285
Sunday, July 27, 2025 11:24 PM IST
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് ജില്ലയില്‍ ഇതുവരെ 6982 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 84 ഉം തദ്ദേശസ്വയംഭരണ സ്ഥാപനം മാറുന്നതിന് 372 ഉം അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിന് 416 അപേക്ഷ ലഭിച്ചു.
2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിനു നേരിട്ടു ഹാജരാകണം.
വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്ദിഷ്ടഫാറത്തില് ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരേ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.
വോട്ടര്‍ ബോധവത്കരണത്തിനായി ലീപ് -കേരള
കോട്ടയം: 2025ലെ തദ്ദേശപൊതുതെരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവത്കരണപരിപാടിയുമായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്.
വോട്ടര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതെരഞ്ഞെടുപ്പു പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ലീപ്-കേരള (Localbody Election Awareness Programme-Kerala) എന്ന ബോധവത്കരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതാദ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ ബോധവത്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുവേണ്ടി ജില്ലാ കളക്ടര്‍ അധ്യക്ഷനായി ജില്ലാതലസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു.
കോളജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം.
ലീപ് -കേരളയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവ വോട്ടര്ബോധവത്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.
വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം. ലീപ്-കേരള പ്രചാരണപരിപാടിക്കായി ആകര്‍ഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.