ജനറല്‍ ആശുപത്രി ലിങ്ക് റോഡിന് രണ്ടു കോടിയുടെ ഭരണാനുമതി
1579533
Tuesday, July 29, 2025 12:21 AM IST
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്-പുത്തന്‍പള്ളിക്കുന്ന് ബൈപാസ് റോഡിന്റെ തുടക്കം മുതല്‍ ആശുപത്രി അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ഭാഗം വരെ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ വളവുകള്‍ നിവര്‍ത്തി നിർമിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
ആശുപത്രിയുടെ ഭാഗത്ത് വളവു നിവര്‍ത്തി വീതി കൂട്ടുന്നതിന് ആവശ്യമായ 2.72 സെന്റ് സ്ഥലം റവന്യു വകുപ്പ് മുഖേന രണ്ടു വര്‍ഷം മുന്‍പ് ജില്ലാ കളക്ടര്‍ ഉത്തരവിലൂടെ പൊതുമരാമത്തിന് കൈമാറിയതിനാൽ ഇപ്പോള്‍ ഭരണാനുമതി ലഭ്യത വേഗത്തിലാക്കാന്‍ സാധിച്ചു. തുടര്‍ന്നുള്ള ബൈപാസ് വരെയുള്ള ഭാഗം ഒൻപതു പേരുടെ സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെ റോഡ് വീതി കൂട്ടി പണിയുന്നതിന് 25 കോടി രൂപയാണ് ബജറ്റില്‍ ആവശ്യപ്പെട്ടത്.
ഈ തുക അനുവദിച്ചു നല്കിയെങ്കില് മാത്രമേ റോഡിന്റെ പണി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ ബൈപാസില്‍ എത്തിച്ചേരുകയുള്ളൂ. ആശുപത്രിയില്‍ എത്തിച്ചേരുന്ന ആംബുലന്‍സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ദിവസേന വരുന്ന ആളുകള്‍ക്കും ആശുപത്രി ഭാഗം വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കുന്നത് ഏറെ പ്രയോജനമാകും.
രാഷ്ട്രീയ ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്റും ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗവുമായ പീറ്റര്‍ പന്തലാനി ബജറ്റില്‍ റോഡിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാലിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മാണി സി. കാപ്പന് എംഎല്‍എയ്ക്കും നിവേദനം നല്‍കിയിരുന്നു.