കെസിഎല്ലില്‍ കോട്ടയത്തിന്റെ സാന്നിധ്യമായി സിജോമോനും ആദിത്യയും
1579731
Tuesday, July 29, 2025 7:45 AM IST
കോട്ടയം: കോട്ടയത്തെ ക്രിക്കറ്റ് ആരാധകരുടെ ആവേശമായി സിജോമോന്‍ ജോസഫും ആദിത്യ ബൈജുവും കെസിഎല്ലിന്റെ രണ്ടാം സീസണിലേക്ക്. രണ്ടാം സീസണിലേക്കെത്തുമ്പോള്‍ സിജോമോന്‍ ജോസഫ് തൃശൂരിന്റെ ക്യാപ്റ്റനാണ്.
5.20 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് സിജോമോനെ സ്വന്തമാക്കിയത്. ഇടംകൈയന്‍ സ്പിന്നിനൊപ്പം ബാറ്റിംഗിലും തിളങ്ങുന്ന ഓള്‍റൗണ്ടര്‍. കഴിഞ്ഞ സീസണില്‍ കൊച്ചിക്കൊപ്പമായിരുന്ന സിജോമോന്‍ ഒരു അര്‍ധസെഞ്ചുറിയടക്കം 122 റണ്‍സ് നേടിയിരുന്നു. ബൗളിംഗില്‍ ഒന്‍പത് വിക്കറ്റുകളും നേടി.
യുവഫാസ്റ്റ്ബൗളറായ ആദിത്യ ഇത്തവണ ആലപ്പി റിപ്പിള്സിനൊപ്പമാണ്. ഒന്നരലക്ഷം രൂപയ്ക്കാണ് റിപ്പിള്‍സ് ആദിത്യയെ സ്വന്തമാക്കിയത്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം ലഭിച്ച താരമാണ് ആദിത്യ. 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള കുച്ച് ബിഹാര്‍ ട്രോഫിയിലടക്കം കഴിഞ്ഞസീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചുവളര്‍ന്നത് ദുബായിലാണ്. കെസിഎല്ലിലെ ആദ്യ സീസണിലൂടെ സീനിയര്‍ തലത്തിലും മികവ് തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് ആദിത്യ.