നടുക്കം മാറാതെ നടുത്തുരുത്തുകാർ
1579721
Tuesday, July 29, 2025 7:45 AM IST
ചെമ്പ്: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായതിന്റെ ഞെട്ടലിലാണ് ചെമ്പ് നടുത്തുരുത്ത് നിവാസികൾ. ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത് കായലുമായ തുരുത്തിൽ മത്സ്യബന്ധനവും കക്കാവാരലും തൊഴിലാക്കിയ ഏതാനും നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്. വള്ളവും വെള്ളവുമായി ഇവർക്കുള്ള പരിചയമാണ് വൻദുരന്തം ഒഴിവാക്കിയത്.
രക്ഷകരായത് കക്കാവാരൽ തൊഴിലാളികൾ
ചെന്പ്: മുറിഞ്ഞപുഴ പാലത്തിനു പടിഞ്ഞാറുവശത്ത് മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും ചേരുന്നതിനുസമീപം നിറയെ യാത്രക്കാരുമായി ഏറെ ആഴമുള്ളിടത്ത് വള്ളം മുങ്ങിയപ്പോൾ ജീവനായി അലമുറയിട്ടു കരഞ്ഞവരുടെ ജീവൻ രക്ഷിച്ചത് മൂന്ന് കക്കാവാരൽ തൊഴിലാളികൾ.

മുറിഞ്ഞപുഴയിൽ കക്കയിറച്ചി വിറ്റു വള്ളത്തിൽ പെരുമ്പളം സ്വദേശി ശിവൻ മടങ്ങുമ്പോഴാണ് യാത്രക്കാരുമായി പാണാവള്ളിയിലേക്കു പോയ വള്ളം കാറ്റിൽ തിരയടിച്ച് മുങ്ങിയത്. നിലവിളികേട്ട് ശിവൻ യന്ത്രം ഘടിപ്പിച്ച വള്ളം മുങ്ങിയ വള്ളത്തിനടുത്തേക്ക് പായിച്ച് ചേർത്തു നിർത്തി. മുങ്ങിയ വള്ളത്തിൽ പിടിച്ചു കിടന്നവരിൽ കുറച്ചുപേർ ഈ വള്ളത്തിന്റെ വില്ലിയിൽ പിടിച്ചു കിടന്നു. സമീപവാസിയായ ചന്ദ്രനും രാമചന്ദ്രനും വള്ളത്തിലെത്തി അവശനിലയിലായിരുന്ന അഞ്ചു സ്ത്രീകളെ വള്ളത്തിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു.പിന്നീട് നാട്ടുകാർ ബാക്കിയുള്ളവരെ വള്ളത്തിലേറ്റി കരയ്ക്കെത്തിക്കുകയായിരുന്നു
കണ്ണനെക്കൂടാതെ മടക്കം; നെഞ്ചുനീറി പാണാവള്ളിക്കാർ
ചെമ്പ്: പാണാവള്ളിയിൽനിന്ന് ഒരുമിച്ച് വള്ളത്തിൽ വന്നിട്ട് ഒരാൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിന്റെ തീരാനോവിലായിരുന്നു വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ. കാട്ടിക്കുന്നിൽ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ജീവനൊടുക്കിയ സിന്ധു മുരളിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് പാണാവള്ളിക്കാരായ മുരളിയുടെ ബന്ധുക്കൾ വള്ളത്തിലെത്തിയത്.
കായലിലൂടെ വള്ളത്തിൽ പോയാൽ അരമണിക്കൂറിനകം പാണാവള്ളിയിലെത്താം. വാഹനത്തിൽ ചുറ്റിക്കറങ്ങി വരുന്നതൊഴിവാക്കാനാണ് ഇവർ വള്ളത്തിൽ വന്നത്. ഇവർക്ക് മുമ്പേ നാട്ടിൽനിന്നു വന്ന കുറേപ്പേർ വലിയ വള്ളത്തിൽ പോയിരുന്നു. ചെറുവള്ളത്തിൽ വന്നവരിൽ ചിലർ പൂത്തോട്ടയിൽ നിന്ന് ബോട്ടിൽ പാണാവള്ളിക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
കാണാതായ കണ്ണൻ (സുമേഷ്) മരണപ്പെട്ട സിന്ധുവിന്റെ ഭർത്താവ് മുരളിയുമായി വലിയ അടുപ്പമുണ്ടായിരുന്ന തിനാൽ മുരളിയുടെ ബന്ധുക്കൾക്കൊപ്പം വള്ളത്തിൽ കയറുകയായിരുന്നു. നീന്തൽ വശമുള്ള കണ്ണനെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.