ചങ്ങനാശേരി നഗരസഭ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നു
1579725
Tuesday, July 29, 2025 7:45 AM IST
ചങ്ങനാശേരി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും സ്കൂളുകളില്‍നിന്നും ചങ്ങനാശേരി നഗരസഭ ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നു. 30, 31 തീയതികളില്‍ ഹരിതകര്‍മ സേന നേരിട്ടു സ്ഥാപനങ്ങളിലെത്തി വില നല്‍കിയാണ് ഈ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍, ഫാന്‍, മിക്സി, ടിവി, ഫോണുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന് എന്നിവ തൂക്കി വില നല്‍കിയാണ് ഹരിതകര്‍മസേന ശേഖരിക്കുന്നത്. അപകടകാരികളായ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, ബാറ്ററി എന്നിവയും ശേഖരിക്കും. ഇവയ്ക്കു വില ലഭിക്കില്ല.
മാലിന്യശേഖരണത്തിന്റെയും ശേഖരിച്ച ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന്റെയും ഉദ്ഘാടനം 30ന് രാവിലെ 11ന് റവന്യു ടവറില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് നിര്‍വഹിക്കും.
സ്ഥാപന മേധാവികള്‍ അവസരം വിനിയോഗിക്കണം
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹരിതകര്‍മസേനയുടെ സഹകരണത്തോടെ ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും സ്കൂളുകളില്‍നിന്നും ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പദ്ധതിയോട് എല്ലാ സ്ഥാപന മേധാവികളും പരമാവധി സഹകരിച്ച് ഇ-മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയെ ഏല്‍പ്പിക്കണം.