കന്യാസ്ത്രീകളുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം
1579728
Tuesday, July 29, 2025 7:45 AM IST
മതേതരത്വത്തിന് തീരാക്കളങ്കം: ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും നേരേയുള്ള കടന്നുകയറ്റവും തീരാക്കളങ്കവുമാണെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍.
നീതി നിഷേധിക്കപ്പെട്ടവരുടെയും പാര്ശ്വവത്്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്യസ്തരുടെ ആത്മവീര്യം കെടുത്തുന്ന ഈ നടപടിക്ക് ഭരണ സംവിധാനങ്ങള്‍ നല്കുന്ന പിന്തുണ അത്യന്തം വേദനയുളവാക്കുന്നതാണെന്നും സന്യസ്തരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും കേസുകളെടുത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു. അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ആന്റണി എത്തയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, ജോയിന്റ് സെക്രട്ടറി പ്രഫ.പി.വി. ജെറോം, അതിരൂപത പിആര്‍ഒ ജോജി ചിറയില്‍, ഡോ. ഡൊമിനിക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രപതി ഇടപെടണം
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും ഭരണഘടനയ്ക്ക് നേരേയുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പി.പി. ജോസഫ്.
ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്ക്വയറിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ചെയര്മാന് സണ്ണി കാഞ്ഞിരം അധ്യക്ഷത വഹിച്ചു. ഷൈജു ഏബ്രഹാം, ജോജി മൂലേക്കരി, അജി ജോസഫ്, പാസ്റ്റര്‍ രതീഷ് പാമ്പാടി, സൈബി അക്കര, ജോയി ചെട്ടിശേരി, മരിയ ജോസഫ്, സിബി മുക്കാടന്‍, ഷൈനി വിപിന്‍, ഔസേപ്പച്ചന് ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ മാർച്ച് നടത്തി
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച നടപടിക്കെതിരേ സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ജില്ലാ സെക്രട്ടറി ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി.കെ. കൃഷ്ണന്, വി.കെ. സന്തോഷ് കുമാര്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോണ്‍ വി. ജോസഫ്, മോഹന്‍ ചേന്നംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.