എലിക്കുളത്തെ അമോണിയ പ്ലാന്റിനെതിരേ ജനകീയസമിതിയുടെ നിവേദനം
1579782
Tuesday, July 29, 2025 11:45 PM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ കാർഷിക, ജനവാസ മേഖലയിൽ അമോണിയ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരേ ജനകീയസമിതി ജില്ലാ കളക്ടർക്കും ജില്ലാ വ്യവസായ ഓഫീസർക്കും ജില്ലാ പൊലൂഷൻ കൺട്രോളർ ഓഫീസർക്കും നിവേദനം നൽകി.
ജനവാസമില്ലാത്ത റെഡ് സോണിലുള്ള ഇൻഡസ്ട്രിയൽ മേഖലകളിൽ മാത്രം പ്രവർത്തിക്കേണ്ട അമോണിയ പ്ലാന്റിന്റെ പ്രവർത്തനാനുമതിക്കാണ് വിവിധ വകുപ്പുകളിൽ ഗ്രീൻചാനൽ വഴി അപേക്ഷയെത്തിയത്. മുന്നൂറിലധികം വീടും അങ്കണവാടി, രണ്ട് സ്കൂൾ, ആയുർവേദ ആശുപത്രി എന്നിവയുമുള്ള മേഖലയാണിത്. പ്രതിദിനം 40,000 ലിറ്റർ വെള്ളം വേണ്ട പ്ലാന്റ് എത്തിയാൽ നാലു കുടിവെള്ള പദ്ധതി, മീനച്ചിലാറിലേക്ക് എത്തുന്ന പൊന്നൊഴുകുംതോട്, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം-മല്ലികശേരി പാടശേഖരവും നശിക്കുന്നതിന് കാരണമാകുമെന്ന് ജനകീയസമിതി ആരോപിച്ചു.
ജനകീയസമിതി ചെയർമാൻ ജോസഫ് മാത്യു തെക്കേക്കുറ്റ്, കൺവീനർ ജോർജ് ജേക്കബ് കുരുവിനാകുന്നേൽ, വൈസ് ചെയർമാന്മാരായ വിൽസൻ മാത്യു പതിപ്പള്ളിൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, ഡായി ഇടപ്പാടിയിൽ, വിൽസൺ പാമ്പൂരിക്കൽ, ജോഷി കോക്കാട്ട്, തോമസ് പതിപ്പള്ളിൽ, സാലു വട്ടത്തറയിൽ, കുറുവച്ചൻ കോക്കാട്ട്, ജോയി പുളിക്കൽ, മാത്യൂസ് തെക്കേക്കുറ്റ് തുടങ്ങിയവർ വിവിധ ഓഫീസുകളിലെത്തി പരാതികൾ നൽകി.