രക്ഷാകരങ്ങളുമായി സുരേഷ് ഇനിയില്ല
1579788
Tuesday, July 29, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: കാറ്റിലും മഴയിലും കനത്ത നാശം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്താൻ എന്നും കെ.എസ്. സുരേഷ് മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെ സഹപ്രവർത്തകർ ഓർമിക്കുന്നു.
മുണ്ടക്കയം അസംബനി ഇഞ്ചക്കുഴി ഭാഗത്ത് വൈദ്യുതിപോസ്റ്റിലേക്ക് ഒടിഞ്ഞുവീണ റബർമരം വെട്ടി മാറ്റുന്നതിനിടെയാണ് ഹോം ഗാർഡായ മുരിക്കുംവയൽ കല്ലിക്കുന്നേൽ കെ.എസ്. സുരേഷ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. സിഐഎസ്എഫിൽ റിട്ടയറായി 2010ലാണ് കെ.എസ്. സുരേഷ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിൽ ഹോം ഗാർഡായി എത്തുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി കാറ്റിലും മഴയിലും കനത്ത നാശം വീശിയപ്പോൾ വിവിധയിടങ്ങളിലായി മരങ്ങൾ മുറിച്ചുമാറ്റാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും സുരേഷ് മുൻപന്തിയിലുണ്ടായിരുന്നു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി കാറ്റിൽ വൈദ്യുതിപോസ്റ്റിലേക്ക് ഒടിഞ്ഞുനിന്ന റബർമരം വെട്ടി മാറ്റുന്നതിനായി കെഎസ്ഇബി ഉദ്യോഗസ്ഥർ ഫയർഫോഴ്സിന്റെ സേവനം തേടിയിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം വൈദ്യുതപോസ്റ്റിലേക്ക് ചാഞ്ഞുനിന്ന റബർമരം വെട്ടിമാറ്റുന്നതിനിടയിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.