സീൽ ചെയ്ത കാരവൻപാർക്ക് തുറന്നു; കളക്ടർ ഇടപെട്ട് അടപ്പിച്ചു
1565361
Friday, June 6, 2025 11:40 PM IST
നെടുങ്കണ്ടം: ഉടുന്പൻചോല മാൻകുത്തിമേട്ടിൽ റവന്യു വകുപ്പ് സീൽ ചെയ്ത കാരവൻ പാർക്ക് കോടതി ഉത്തരവ് ലംഘിച്ച് തുറന്നത് റവന്യു വകുപ്പ് വീണ്ടും പൂട്ടി സീൽ ചെയ്തു. തത്സ്ഥിതി തുടരണമെന്നും നിർമാണം തടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് അടക്കം പിഴുതുമാറ്റി കാരവനുകളുടെ സീൽ തകർത്ത് വീണ്ടും തുറന്നത്.
സംഭവം വിവാദമായതോടെ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി കെ. രാജൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തുകയും തുറന്നിരുന്ന കാരവാനുകൾ പൂട്ടി സീൽ ചെയ്യുകയും പിഴുതുമാറ്റിയ ബോർഡ് പുനഃസ്ഥാപിക്കുകയും ചെയ്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃത നിർമാണമടക്കം നടത്തിയ കാരവൻ ഉടമയ്ക്കെതിരേ കേസെടുക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ഉടുന്പൻചോല എൽആർ തഹസിൽദാർ ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി തഹഹസിൽദാർ ജെയ്സണ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാരവൻ പാർക്ക് വീണ്ടും പൂട്ടി സീൽ ചെയ്തത്. തത്സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ലംഘിച്ച് നിർമാണം നടത്തിയതടക്കം റവന്യു വകുപ്പ് കോടതിയെയും അറിയിക്കും.
കോട്ടയം സ്വദേശിയാണ് മാൻകുത്തിമേട്ടിൽ വനാനി കാരവൻ പാർക്ക് നിർമാണം ആരംഭിച്ചത്. എന്നാൽ ഇദ്ദേഹം വിലകൊടുത്ത് വാങ്ങിയ ഭൂമിക്കുപുറമെ സമീപത്തുണ്ടായിരുന്ന സർക്കാർ ഭൂമി കൈയേറിയതായി കണ്ടെത്തിയതോടെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ബോർഡ് സ്ഥാപിച്ച് തിരിച്ചുപിടിച്ചത്.