ലഹരിവിരുദ്ധ ബോധവത്കരണം കുട്ടികള്‍ ഏറ്റെടുക്കണം: കളക്ടര്‍
1564631
Tuesday, June 3, 2025 11:29 PM IST
തൊടുപുഴ: ലഹരിവിരുദ്ധ ബോധവത്കരണം കുട്ടികള്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കിത് ഇഷ്ടമുള്ള ഒന്നായി മാറണമെന്നും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. അല്‍ അസ്ഹര്‍ ദന്തല്‍ കോളജില്‍ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ തെറ്റായ മാതൃകകള്‍ പിന്തുടരുന്നവരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ മാതൃകകള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഇവിടെയാണ് ബോധവത്കരണം നല്‍കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു വരുന്നതെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ വി.ആര്. ഷൈലാഭായി, സംസ്ഥാന മാസ് മീഡിയ ഓഫീസര്‍ ഡോമി പോള്‍, അല്‍-അസ്ഹര്‍ കോളജ് ചെയര്മാന് കെ.എം. മൂസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സുരേഷ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ഇ.കെ. ഖയസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരമംഗലം മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസ് റെനോള്‍ഡ് നന്ദി പറഞ്ഞു.
തുടര്‍ന്ന് ബോധവത്കരണ സെമിനാര്‍, സിഗ്നേച്ചര്‍ കാമ്പയിന് എന്നിവയും നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങലയും രൂപീകരിച്ചു.