പാലാ രൂപതയ്ക്ക് മൂന്ന് ഫൊറോനകള്‍കൂടി
1564369
Monday, June 2, 2025 10:57 PM IST
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ മൂന്ന് പുതിയ ഫൊറോനകള്‍കൂടി രൂപീകരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലാണ് രൂപീകരണം പ്രഖ്യാപിച്ചത്.
കടപ്ലാമാറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനകളായി ഉയര്‍ത്തുന്നത്. ഇതുവരെ 17 ഫൊറോനകളാണ് രൂപതയില്‍ ഉണ്ടായിരുന്നത്. പുതുതായി രൂപം കൊള്ളുന്ന ഫൊറോനകള്‍ നിലവില്‍വരുന്നത് ജൂണ്‍ എട്ടിന് പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളില്‍ നടത്തുന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ രാവിലെ എട്ടിന് കൊഴുവനാല്‍ പള്ളിയിലും 9.15ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം നാലിന് കൂത്താട്ടുകുളം പള്ളിയിലും ബിഷപ് നിര്‍വഹിക്കും.
കടപ്ലാമറ്റം സെന്റ്
മേരീസ് പള്ളി
സുറിയാനി കത്തോലിക്കാസഭയിലെ അതിപുരാതനമായ പള്ളികളില്‍ ശ്രദ്ധേയമായ പള്ളിയാണ് കടപ്ലാമറ്റം. എ.ഡി. 1009ല്‍ പണികഴിക്കപ്പെട്ട ഈ പുരാതന പള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ളതാണ്. 660 കുടുംബങ്ങളുള്ള പള്ളിയുടെ നിര്‍മാണരീതിയും കൊത്തുപണികളും പഴമയുടെ സൗകുമാര്യം വിളിച്ചറിയിക്കുന്നതാണ്. പള്ളിയുടെ പഴക്കംതന്നെ ദേശവാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും അതിരറ്റതാണ് എന്നതിനുള്ള തെളിവുകൂടിയാണ്.
കൊഴുവനാല്‍
സെന്റ് ജോണ്‍
നെപുംസ്യാനോസ് പള്ളി
1858 ല്‍ സ്ഥാപിതമായ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളി പാലാ രൂപതയിലെ പുരാതന പള്ളികളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ രൂപതാ വൈദികര്‍ക്ക് ജന്മം നല്കിയ ഇടവകയും. പാലാ രൂപതയ്ക്ക് മാത്രമല്ല, തിരുസഭയ്ക്ക് ഏറ്റവും കൂടുതല്‍ വൈദികരെ പ്രദാനം ചെയ്തിട്ടുള്ള പള്ളിയാണ് ഇത്. 730 കുടുംബങ്ങള്‍ ഉള്ള കൊഴുവനാല്‍ പള്ളി ജോണ്‍ നെപുംസ്യാനോസ് സഹദായുടെ നാമത്തിലുള്ളതാണ്.
കൂത്താട്ടുകുളം
ഹോളിഫാമിലി പള്ളി
1995ല്‍ സ്ഥാപിതമായ കൂത്താട്ടുകുളം ഹോളിഫാമിലി പള്ളി ഒരു ദേശത്തിന്റെ സംസ്കാരം പേറുന്നതാണ്. വിവിധ ക്രൈസ്തവസഭകളായ യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളും സീറോ മലബാർ സമൂഹവും ഏക മനസോടെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. സഭയുടെ എക്യുമെനിസത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് കൂത്താട്ടുകുളം. മാര്‍ യൂദാ തദ്ദേവൂസിനോടുള്ള ഭക്തിയും വണക്കവും ആയിരം തിരികളുള്ള നിലവിളക്കും ഹോളിഫാമിലി പള്ളിയുടെ പ്രത്യേകതകളാണ്. 500 കുടുംബങ്ങളുള്ള ഈ പള്ളി എറണാകുളം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
പുതുതായി രൂപംകൊണ്ട ഫൊറോനകളിലേക്ക്
ചേര്‍ക്കപ്പെടുന്ന ഇടവകകള്‍
കടപ്ലാമറ്റം: കടപ്ലാമറ്റം, മംഗളാരം, കൂടല്ലൂര്‍, മരങ്ങാട്ടുപള്ളി, വയല, പാലയ്ക്കാട്ടുമല, പാളയം.
കൊഴുവനാല്‍: അല്‍ഫോന്‍സാഗിരി, കാഞ്ഞിരമറ്റം, കരിമ്പാനി, കൊഴുവനാല്‍, മണലുങ്കല്‍, മഞ്ഞാമറ്റം, മറ്റക്കര, മൂഴൂര്‍, പൈക, ഉരുളികുന്നം.
കൂത്താട്ടുകുളം: കാക്കൂര്‍, കൂത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി വടകര.
ഇടവകകളില്‍ മാറ്റം വരുന്ന ഫൊറോനകള്‍
പാലാ കത്തീഡ്രല്‍: അരുണാപുരം, കിഴതടിയൂര്‍, കുടക്കച്ചിറ, ളാലം പുത്തന്‍പള്ളി, ളാലം പഴയപള്ളി, മീനച്ചില്‍, മൂന്നാനി, നെല്ലിയാനി, പൈങ്ങുളം, പാലാ കത്തീഡ്രല്‍, പാലാക്കാട്, പൂവരണി, വലവൂര്‍.
ചേര്‍പ്പുങ്കല്‍: ചെമ്പിളാവ്, ചേര്‍പ്പുങ്കല്‍, കുരുവിനാല്‍, പാദുവ, മുത്തോലി, മേവട, തോടനാല്‍.
രാമപുരം: അന്ത്യാളം, ചക്കാമ്പുഴ, ചിറ്റാര, ഏഴാച്ചേരി, കരൂര്‍, കൊണ്ടാട്, കുറിഞ്ഞി, നീറന്താനം, രാമപുരം.
ഭരണങ്ങാനം: അമ്പാറനിരപ്പേല്‍, ഭരണങ്ങാനം, ചൂണ്ടച്ചേരി, ഇടപ്പാടി, ഇടമറ്റം, കിഴപറയാര്, മല്ലികശ്ശേരി, പ്ലാശനാല്‍, പൂവത്തോട്, വിളക്കുമാടം.
കുറവിലങ്ങാട്: കുറവിലങ്ങാട്, കാളികാവ്, കാട്ടാമ്പാക്ക്, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, രത്നഗിരി, വാക്കാട്.
ഇലഞ്ഞി: ഇലഞ്ഞി, ജോസ്ഗിരി, മരങ്ങോലി, മുളക്കുളം, മുത്തോലപുരം, പിറവം, ശാന്തിപുരം, സേവ്യര്‍പുരം.