സ്പോർട്സ് ആയുർവേദ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1564128
Sunday, June 1, 2025 11:20 PM IST
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സ്പോർട്സ് ആയുർവേദ ബ്ലോക്കിനെ മികവിന്റെ കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജില്ലാ ആയുർവേദ ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച സ്പോർട്സ് ആയുർവേദ ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ആരോഗ്യ വകുപ്പുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി വിനിയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. അഞ്ച് നിലകളുള്ള കെട്ടിടം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഒരു നിലയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.സി ഷീലയ്ക്ക് മന്ത്രി ഉപഹാരം നൽകി. ദേശീയ ആയുഷ് മിഷൻ ഡിപിഎം കെ.എസ് ശ്രീദർശൻ വിഷയാവതരണം നടത്തി.
നഗരസഭ ചെയർമാൻ കെ.ദീപക്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി സത്യൻ, ഇന്ദു സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ ജേക്കബ്, ന്യൂമാൻ കോളജ് ബർസാർ ഫാ.ബെൻസണ്‍ എൻ.ആന്റണി, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ആർ വിനീത്, സൂപ്രണ്ട് ഇൻചാർജ് ഡോ. എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു.