ആദ്യം പ്രതിഷേധം, പിന്നെ പ്രവേശനോത്സവം
1564370
Monday, June 2, 2025 10:57 PM IST
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളിൽ പ്രവേശനോത്സവ ദിനത്തിൽ പ്രതിഷേധം. ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന് നിര്‍ത്തലാക്കുന്നതായി ആരോപിച്ചായിരുന്നു സ്കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.
അപ്രതീക്ഷിതമായി ഡിവിഷന് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രഥമാധ്യാപികയുടെ ഓഫീസില്‍ പ്രതിഷേധം നടന്നത്. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ മാറ്റി. ഡിവിഷന്റെ പ്രവര്‍ത്തനം തുടരാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷന് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഡിവിഷന്റെ പ്രവര്‍ത്തനത്തിനായി സ്പെഷല്‍ ഓര്‍ഡര്‍ വഴി അധ്യാപരെ നിയമിച്ച് പ്രശ്ന പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൂള്‍ പ്രഥമാധ്യാപിക പറഞ്ഞു.
സ്കൂളില്‍ ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന് തുടരുവാന്‍ വേണ്ടുന്ന ഇടപെടല്‍ നടത്തുമെന്ന് പ്രശ്ന പരിഹാരത്തിനായി സ്കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.ഡി. ഷാജി പറഞ്ഞു. പ്രതിഷേധം അവസാനിച്ച ശേഷമാണ് സ്കൂളില്‍ പ്രവേശനോത്സവം നടന്നത്.