വാഷിംഗ് മെഷീൻ കത്തിനശിച്ചു
1564373
Monday, June 2, 2025 10:57 PM IST
തൊടുപുഴ: വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വാഷിംഗ് മെഷീൻ കത്തി നശിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. മുതലക്കോടത്തിന് സമീപം പഴുക്കാകുളത്താണ് വീടിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് തീപിടിച്ചത്. റിപ്പയറിംഗിനു ശേഷം സ്ഥാപിച്ച വാഷിംഗ് മെഷീൻ ആണ് തീ പിടിച്ചത്.
ഇന്നലെ രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. രാവിലെ കുട്ടിയെ സ്കൂളിൽ അയച്ചിട്ട് വന്നപ്പോൾ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട വീട്ടമ്മ ഉടനെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടേക്ക് ഫയർഫോഴ്സിന്റെ വലിയ വാഹനം എത്തിച്ചേരാനുള്ള റോഡ് സൗകര്യം ഇല്ലായിരുന്നു. തുടർന്ന് സേനാംഗങ്ങൾ ബിഎ സെറ്റ് ധരിച്ച് മുകൾ നിലയിൽ കയറിയ ശേഷം വൈദ്യുതി ലൈനുമായുള്ള ബന്ധം വിച്ഛേദിക്കുകയും സമീപത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ എടുത്തു മാറ്റുകയും ചെയ്ത ശേഷം തീയണച്ചു. മുറിയിൽ കനത്ത പുക നിറഞ്ഞതുമൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫീസർമാരായ എസ്. ശരത്, സിബിൻ ഗോപി, ജെയിംസ് നോബിൾ, ടി.കെ. വിവേക്, ജയ്സ് സാം ജോസ്, അഖിൽ എസ്. പിള്ള, കെ.എസ്. അബ്ദുൾ നാസർ, കെ.ആർ. പ്രമോദ്, പി.ടി. ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.