വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
1565178
Thursday, June 5, 2025 11:55 PM IST
കട്ടപ്പന: വിദേശ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 25കാരി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യനാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് പിടികൂടിയത്.
യുകെയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തതായാണ് പരാതി.
പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വീസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി . തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. എസ്ഐ മാരായ എബി ജോർജ്, സുബിൻ, എഎസ്ഐ ടെസ്ഡിമോൾ, സിപിഒ മാരായ ബിബിന, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഐറിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.