വീട്ടമ്മയെ കെട്ടിയിട്ട് പണാപഹരണം: ചികിത്സാസഹായം നൽകി യൂത്ത് കോൺഗ്രസ്
1565366
Friday, June 6, 2025 11:40 PM IST
അടിമാലി: കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് ചികിത്സയ്ക്കായി കരുതിവച്ചിരുന്ന തുക അപഹരിച്ച സംഭവത്തില്‍ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്. അപഹരിക്കപ്പെട്ട തുകയ്ക്കു തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീട്ടമ്മയ്ക്കു നല്കി. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയാണ് നഷ്ടപ്പെട്ട തുകയും ചികിത്സാ സഹായവും കൈമാറിയത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കാന്‍സര്‍ രോഗബാധിതയായ ഉഷാ സന്തോഷിനെ അടിമാലിയിലെ വീട്ടില്‍ കെട്ടിയിട്ടതിനുശേഷം മോഷ്ടാവ് പഴ്സില്‍നിന്ന് പണം കവര്‍ന്നത്. കീമോ ചികിത്സയ്ക്കു ശേഷം അടിമാലിയിലെ വാടകവീട്ടില്‍ അവശനിലയില്‍ വിശ്രമിക്കുകയായിരുന്നു ഉഷ. ഇതിനിടെയാണ് മോഷ്ടാവെത്തി പണം കവര്‍ന്നത്. സുമനസുകളുടെ സഹായത്താല്‍ സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി വിദേശത്തുള്ള സഹപ്രവര്‍ത്തകര്‍ വഴി നഷ്ടപ്പെട്ട തുകയ്ക്കു തുല്യമായ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി രോഗിക്കു ചികിത്സാ സഹായം നല്‍കുകയും ചെയ്തു.
മോഷ്ടാവിനെ പിടികൂടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പണം മോഷ്ടിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജീവ്, അടിമാലി മണ്ഡലം പ്രസിഡന്റ് അലന് നിധിന് സ്റ്റീഫന്‍, ഡിസിസി മെമ്പര്‍ വിനു സ്കറിയ, കെഎസ് യു ജില്ലാ സെക്രട്ടറി അലന് സണ്ണി, ബേസില്‍ എന്നിവരാണ് വീട്ടിലെത്തി വീട്ടമ്മയ്ക്ക് തുക കൈമാറിയത്.