ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നത വിജയികള്‍ക്ക് ആദരവും ഇന്ന് മൂവാറ്റുപുഴയില്‍
1564762
Wednesday, June 4, 2025 5:28 AM IST
മൂവാറ്റുപുഴ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ വിജയികള്‍ക്കായി ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നതവിജയം നേടിയവര്‍ക്ക് ആദരവും ഇന്ന് മൂവാറ്റുപുഴയില്‍. പരിപാടിയോടനുബന്ധിച്ചു വിദഗ്ധര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ഉണ്ടാകും.
ഇന്നു രാവിലെ പത്തിന് മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന യംഗ് ജീനിയസ് മീറ്റ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടറും കൊച്ചി റസിഡന്റ് മാനേജരുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ഡയറക്ടര്‍ റവ. ഡോ. തോമസ് പോത്തനാമുഴി, ജനറല്‍ മാനേജര്‍ ഫാ. ജിനോ പുന്നമറ്റം, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ എടത്തൊട്ടി എന്നിവര്‍ പ്രസംഗിക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവരെയും ഉന്നത വിജയം നേടിയ സ്കൂളുകളെയും ചടങ്ങില്‍ ആദരിക്കും.
ജര്‍മന്‍ ഭാഷാപരിശീലന രംഗത്തെ പ്രമുഖരായ എന്‍. ഏബിള്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഇന്ത്യാസ് ബിഗസ്റ്റ് ജര്‍മന്‍ ലാംഗ്വേജ് ഗുരുകുലം) വിദഗ്ധര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നയിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച മൂവാറ്റുപുഴ മേഖലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം.
നാളെ കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളില്‍ നടക്കുന്ന ദീപിക യംഗ് ജീനിയസ് മീറ്റും ഉന്നത വിജയികള്‍ക്ക് ആദരവും രാവിലെ പത്തിനു മൂവാറ്റുപുഴ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് പന്തിരയിത്തടത്തില് ഉദ്ഘാടനം ചെയ്യും.
ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കോതമംഗലം മേഖലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387549034, 9387549002 എന്നീ നമ്പറുകളില്‍ വിളിക്കുക.